ന്യൂഡല്‍ഹി: മലയാളികളുടെ ഹൃദയം കവര്‍ന്ന ചലച്ചിത്രതാരം ഷീല ദുഃഖിതയാണ്. മലയാളികളുടെ മദ്യപാനശീലത്തെയോര്ത്ത്. മദ്യമാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഷീലാമ്മ പറയുന്നു. മദ്യപിച്ചു കളയുന്ന പണം വീട്ടാവശ്യത്തിനും മറ്റുമായി ചെലവഴിച്ചാല്‍ എത്ര നന്നായിരുന്നുവെന്നാണ് അവരുടെ ചോദ്യം. സ്ത്രീകള്‍ ഒരുമിച്ചു ചേര്‍ന്ന് മദ്യശാലകള്‍ക്കെതിരെ സമരം നടത്തണം. എങ്കില്‍ ആ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ താനുണ്ടാകുമെന്നും ഷീല പറയുന്നു. ഏതായാലും കേരളത്തില്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന അവരുടെ ആഗ്രഹമാണ് ഇത്തരമൊരു സമരത്തിനു പ്രേരിപ്പിച്ചതെന്നാണ് മറ്റൊരു കാര്യം. രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്നും ക്ഷണം ലഭിച്ചാല്‍ രംഗത്തിറങ്ങുമെന്നും ഡല്‍ഹി മലയാളികള്‍ സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ അവര്‍ വ്യക്തമാക്കി. ഏറെ പാരമ്പര്യമുള്ള കോണ്‍ഗ്രസ്സിനോടാണ് തനിക്ക് കൂടുതല്‍ ആഭിമുഖ്യമെന്നും ഷീല അറിയിച്ചു.ഇതുവരെ ഒരു നേതാവോ പാര്‍ട്ടിയോ തന്നെ ക്ഷണിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും ഷീല പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ കേരള ഹൗസില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി മലയാളികളെ ആദരിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു ഷീല. ‘എനിക്കെല്ലാം തന്നതു സിനിമയാണ്. സിനിമ പണവും പ്രശസ്തിയും നല്കി. എന്നെ സ്നേഹിക്കുന്ന കേരളത്തിനും മലയാളികള്‍ക്കുമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ ഇതൊന്നും സാധ്യമല്ലെന്നും ഷീല പറയുന്നു.
ഷീലാമ്മ സമരമുഖത്തിറങ്ങിയെന്നോര്ത്ത് മലയാളിയുടെ മദ്യപാനശീലം മാറുമെന്ന് തോന്നുന്നില്ല. ഓണാഘോഷത്തിനിടെ മദ്യപാനത്തില്‍ സംസ്ഥാനം റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലായി മദ്യവില്‍പ്പനയില്‍ കേരള ബിവറേജസ് കോര്പറേഷന് ലിമിറ്റഡ് ചരിത്രം സൃഷ്ടിച്ചതായി വിവരമുണ്ടെങ്കിലും യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നു. ഓണാഘോഷത്തിന് മദ്യപിക്കാന്‍ മലയാളി തുലച്ചത് 200 കോടിയോളം രൂപയാണെന്നാണ് പുറത്തുവന്ന പ്രാഥമിക കണക്ക്. ഇതു ബിവറേജസ് കോര്പറേഷന് വില്പ്പനശാലകളില്നിന്നുള്ള കണക്കാണ്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കോര്പറേഷന് അധികൃതര്‍ തയ്യാറല്ല.
കഴിഞ്ഞ വര്‍ഷം ഉത്രാടം വരെ ആറു ദിനങ്ങളിലായി കേരളീയര്‍ ആകെ കുടിച്ചത് 236 കോടിയുടെ മദ്യമായിരുന്നു. ഇക്കുറി മദ്യത്തിനു വില കൂടിയതും ഉപഭോഗ വര്‍ധനയും വിറ്റുവരവു കൂടാന്‍ ഇടയാക്കി. ഓരോ വര്‍ഷവും മദ്യവില്‍പ്പനയുടെ അളവ് വര്‍ധിക്കുകയാണെങ്കിലും അത് സമ്മതിച്ചുതരാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സംസ്ഥാനത്ത് മദ്യോപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുകയാണ് നിലപാടെന്നു പ്രഖ്യാപിച്ച യു.ഡി.എഫ് സര്‍ക്കാര്‍ മദ്യപാനം ക്രമാതീതമായി വര്‍ധിക്കുന്നതു തടയാന്‍ കാര്യക്ഷമമായ നടപടികളെടുക്കുന്നില്ല.
മദ്യവില്‍പ്പനയുടെ പ്രതിമാസ കണക്കുകളാണ് ബിവറേജസ് കോര്പറേഷന് പുറത്തുവിടാറുള്ളതെന്ന് ചെയര്മാന് അനില്‍ സേവ്യര്‍ അറിയിച്ചു. എം.ഡി അവധിയിലായതിനാല്‍ ആഗസ്തിലെ കണക്കുകള്‍ പുറത്തുവിടാന്‍ വൈകും. കണക്കുകള്‍ മറച്ചുവയ്ക്കാന്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്കു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ചെയര്മാന് പറഞ്ഞു.നേരിട്ടല്ലാത്ത പരസ്യമാര്ഗങ്ങളിലൂടെ വില്‍പ്പനയ്ക്കായി മദ്യക്കമ്പനികള്‍ രംഗത്തുണ്ട്. മദ്യവില്‍പ്പനശാലകളിലും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി പാര്‍ലറുകളിലും ബിയര്‍ വില്‍പ്പനയും ഇക്കുറി കൂടി. ചട്ടവിരുദ്ധമായി പുലര്‍ച്ചെ 4 മുതല്‍ സ്റ്റാര്‍ ഹോട്ടല്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിച്ചതും മദ്യപാനത്തോത് കൂട്ടാനിടയാക്കി. ഓണത്തിന് പല ബാറുകളും മദ്യപര്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കിയതായും വിവരമുണ്ട്. തിരക്കു കുറയ്ക്കാന്‍ അനുവദനീയമായതിലും കൂടുതല്‍ ബാര്‍ സര്‍വീസ് കൗണ്ടറുകള്‍ തുറന്നതായും എക്സൈസ് വകുപ്പിനു വിവരം ലഭിച്ചു. 2010ലെ കണക്കു പ്രകാരം രാജ്യത്ത് പ്രതിശീര്‍ഷ മദ്യോപയോഗത്തില്‍ കേരളമാണു മുന്നില്‍- ഒരാള്‍ക്ക് 8.5 ലിറ്റര്‍ മദ്യം. കേരളത്തില്‍ ഒരു വര്‍ഷം 20,000 കോടിയുടെ മദ്യവില്പ്പനയുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ കണക്കില്‍ ഇത് ആറായിരം കോടി മാത്രം. അംഗീകാരത്തോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ആയിരത്തോളം ബാറുകളും അയ്യായിരത്തിലധികം കള്ളുഷാപ്പുകളും ഇവിടെയുണ്ട്. കേരളത്തിന്റെ മദ്യോപയോഗം പഠിച്ച എ പി ഉദയഭാനു കമ്മീഷന് കണക്കുപ്രകാരം കേരളത്തില്‍ മൂന്നിലൊരാള്‍ മദ്യപിക്കുന്നു. ദേശീയ ശരാശരി 17 ശതമാനം മാത്രമുള്ളപ്പോഴാണിത്. പുരുഷന്മാരില് 70 ശതമാനം മദ്യപിക്കുമ്പോള്‍ 30 ശതമാനം സ്ത്രീകളും മദ്യമുപയോഗിക്കുന്നു. മദ്യപിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്കൊപ്പം വാഹനാപകടങ്ങളും അനുദിനം വര്‍ധിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല