വെള്ളിത്തിരയിലെ ഒരു താരദാമ്പത്യത്തിന് കൂടി വിരാമം. മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കന്നഡ സംവിധായകന്‍ എസ്. മഹേന്ദറും തെന്നിന്ത്യന്‍ നടി ശ്രുതിയുമാണ് വിവാഹമോചിതരായത്. ബാംഗ്ലൂര്‍ കുടുംബകോടതി വിധിപ്രകാരം പത്ത് വയസ്സുള്ള മകള്‍ ഗൗരി ശ്രുതിയുടെ സംരക്ഷണയില്‍ കഴിയും.
കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പ് ചെയര്‍പഴ്‌സണ്‍കൂടിയായ ശ്രുതിയ്ക്കും മകള്‍ക്കും താമസിയ്ക്കാന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ 2,000 ചതുരശ്ര അടിയില്‍ കുറയാത്ത വീട് നല്‍കണമെന്ന് മഹേന്ദര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മലയാളടക്കമുള്ള വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി 130 സിനിമകളില്‍ നായികാവേഷത്തില്‍ തിളങ്ങിയ ശ്രുതിയും കന്നടയിലെ ഭാരതിരാജ എന്ന വിശേഷണമുള്ള മഹേന്ദറും 1998ലാണ് വിവാഹിതരായത്. വെള്ളിത്തിരയില്‍ പതിവായി സംഭവിയ്ക്കാറുള്ള പ്രണയത്തിനൊടുവില്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍വെച്ചാണ് ഇവരൊന്നായത്.
ആറ് വര്‍ഷത്തിന് ശേഷം ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണു. 2009 ജൂണില്‍ ഇരുവരും ചേര്‍ന്ന് കുടുംബകോടതിയില്‍ വിവാഹ മോചനം തേടി ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ കര്‍ണാടകയില്‍ അത് വലിയ ചര്‍ച്ചയായി മാറി. മകളുടെ സംരക്ഷണത്തെച്ചൊല്ലി നിയമനടപടികള്‍ നീണ്ടതാണ് ദമ്പതിമാരുടെ വിവാഹമോചനം വൈകിച്ചത്.
സിനിമയ്ക്ക് പുറമെ കര്‍ണാടക രാഷ്ട്രീയത്തിലും ഇവര്‍ സജീവമാണ്. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തിയ മഹേന്ദര്‍ 2001ലെ തിരഞ്ഞെടുപ്പില്‍ മൈസൂരിലെ കൊല്ലഗല്‍ നിയമസഭാമണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട്, ദമ്പതിമാര്‍ ബിജെപിയിലേക്ക് കളംമാറിച്ചവുട്ടി. തിരഞ്ഞെടുപ്പ് വേദികളില്‍ ബിജെപിയുടെ തിളങ്ങുന്ന മുഖമായി മാറിയ ശ്രുതിയെ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് ചെയര്‍പഴ്‌സണ്‍ പദത്തില്‍ അവരോധിയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് അധികമാലോചിയ്ക്കേണ്ടി വന്നില്ല.
‘ഒരാള്‍ മാത്രം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ജയറാമിന്റെ നായികയായി ‘കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍’ എന്ന ചിത്രത്തിലുടെയും മലയാളി പ്രേക്ഷകര്‍ക്ക് ശ്രുതി പരിചിതയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല