സ്വന്തം ലേഖകൻ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
1966ലായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് അരങ്ങേറ്റം. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ ഉഷാറാണി പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്.
കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്, എം.ജി.ആര്, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി അഭിനയിച്ചു.
ഇടവേളയ്ക്ക് ശേഷം അകം, തലസ്ഥാനം, സ്ഥലത്തെ പ്രധാനപയ്യന്‍സ്, അഞ്ചരകല്യാണം, ഏകലവ്യന്, അമ്മ അമ്മായി അമ്മ, ഭാര്യ, സ്വര്‍ണക്കിരീടം എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്തരിച്ച സംവിധായകന് എം. ശങ്കരനായിരുന്നു ഭര്‍ത്താവ്. ഏകമകന് വിഷ്ണു ശങ്കറിനൊപ്പം ചെന്നൈയിലായിരുന്നു താമസം. മരുമകള്‍ കവിത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല