സ്വന്തം ലേഖകൻ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ കെനിയയിൽ വ്യാപക പ്രതിഷേധം. കെനിയയിലെ പ്രധാന വിമാനത്താവളമായ നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളം (ജെകെഐഎ) ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെയാണ് സമരം. കെനിയയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നായ കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്.
185 കോടി ഡോളറിൻ്റെ നിക്ഷേപത്തിന് പകരമായി ജെകെഐ വിമാനത്താവളം അദാനി ഗ്രൂപ്പിന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് കെനിയൻ സർക്കാരിന്റെ പദ്ധതി. അദാനി ഏറ്റെടുക്കുന്നതോടെ വിമാനത്താവളത്തിലെ നിലവിലെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നും തൊഴിൽ അന്തരീക്ഷം മോശമാകുമെന്നുമാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആശങ്ക.
കെനിയക്ക് നല്ലതല്ലാത്ത കരാർ റദ്ദാക്കുന്നവരെയും സമരം തുടരുമെന്നാണ് കെനിയ എയർപോർട്ട് വർക്കേഴ്സ് യൂണിയന്റെ നിലപാട്. അദാനി തിരികെപോകുകയല്ലാതെ മറ്റ് വഴികളില്ലെന്നും അവർ പറഞ്ഞു. ബുധനാഴ്ച പ്രതിഷേധം കടുത്തതോടെ, കെനിയയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളത്തിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കെനിയൻ പോലീസാണ് സുരക്ഷാ പരിശോധനകളെല്ലാം നടത്തിയത്.
ജെകെഐ വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നൽകാനുള്ള പദ്ധതി പ്രാദേശിക ജനങ്ങളുടെ തൊഴിൽ നഷ്ടമുപ്പെടുത്തുമെന്നും നികുതിദായകരുടെ അവകാശം നഷ്ടപെടുത്തുമെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. കെനിയയുടെ ജിഡിപിയുടെ അഞ്ച് ശതമാനത്തിലേറെയാണ് വിമാനത്താവളത്തിൽ നിന്നുള്ള ചരക്ക് ഗതാഗത-യാത്രാ ഫീസ്. എന്നാൽ വിമാനത്താവളം പുതുക്കിപ്പണിയാൻ അദാനിയുമായുള്ള കരാർ ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.
അതേസമയം, കരാർ അന്തിമമായിട്ടില്ല. ദേശീയ ട്രഷറി അംഗീകാരം, കാബിനറ്റ് ക്ലിയറൻസ് എന്നിവയുൾപ്പെടെ സമഗ്രമായ നടപടിക്രമങ്ങൾ ഇനിയും ബാക്കിയുണ്ട്. കരാറിലെ പല വ്യവസ്ഥകളിലും ചർച്ച നടക്കുന്നതായും സർക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഗബ്രിയേൽ മുത്തുമ പറഞ്ഞു.
2022-2023ൽ 88 ലക്ഷം യാത്രക്കാരെയും 3,80,000 ടൺ ചരക്കുകളുടെയും കൈമാറ്റമാണ് വിമാനത്താവളം വഴി നടന്നത്. എന്നാൽ വിമാനത്താവളത്തിന്റെ അവസ്ഥ ശോചനീയമാണ്. പലപ്പോഴും വൈദ്യുതി തടസവും മേൽക്കൂര ചോർന്നൊലിക്കുന്നതുപോലെയുള്ള പ്രശ്നങ്ങളും നേരിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല