1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2023

സ്വന്തം ലേഖകൻ: ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ.) പിന്‍വലിച്ച് അദാനി എന്റര്‍പ്രൈസസ്. എഫ്.പി.ഒ.യ്ക്ക് 112 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും ബുധനാഴ്ച വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ എഫ്.പി.ഒ.യുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കി എഫ്.പി.ഒ.യുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും തുക തിരിച്ചുനല്‍കുമെന്നും കമ്പനി വ്യക്തമാക്കി. അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം പുറത്തുവന്നതിനുപിന്നാലെ ബുധനാഴ്ച അദാനിഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ അഴിമതിയാരോപണങ്ങള്‍ക്കുപിന്നാലെയാണ് ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം.

അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവയുടെ കടപ്പത്രങ്ങള്‍ക്കുള്ള ക്രെഡിറ്റ് മൂല്യം 75 ശതമാനത്തില്‍നിന്ന് പൂജ്യമായാണ് ക്രെഡിറ്റ് സൂയിസ് എ.ജി.യുടെ സ്വകാര്യബാങ്കിങ് വിഭാഗം വെട്ടിക്കുറച്ചത്. ഇതോടെ അദാനി എന്റര്‍പ്രൈസസ് ഓഹരിവില 34.3 ശതമാനംവരെ ഇടിഞ്ഞു. ഒടുവില്‍ ഓഹരിയൊന്നിന് 848.30 രൂപ നഷ്ടത്തില്‍ 2128.70 രൂപയില്‍ വ്യാപാരം നിര്‍ത്തി.

അദാനി പോര്‍ട്‌സ് 120 രൂപയുടെയും (19.69 ശതമാനം) അദാനി പവര്‍ 11.15 രൂപയുടെയും (4.99 ശതമാനം) ഇടിവുനേരിട്ടു. അദാനി ട്രാന്‍സ്മിഷന്‍ 43.70 രൂപ, അദാനി ഗ്രീന്‍ എനര്‍ജി 70.70 രൂപ, അദാനി ടോട്ടല്‍ ഗ്യാസ് 211.25 രൂപ, അദാനി വില്‍മര്‍ 23.30 രൂപ, എന്‍.ഡി.ടി.വി. 12.30 രൂപ, എ.സി.സി. 124.95 രൂപ, അംബുജ സിമന്റ്‌സ് 66.40 രൂപ എന്നിങ്ങനെ ഇടിഞ്ഞു.

ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവ് 8600 കോടി ഡോളറിലെത്തി. ഏകദേശം ഏഴുലക്ഷം കോടി രൂപയുടെ ഇടിവ്. ഇതോടെ ഏഷ്യയിലെ അതിസമ്പന്നനെന്ന പദവിയടക്കം ഗൗതം അദാനിക്ക് നഷ്ടമായി. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി തിരിച്ചെത്തുകയും ചെയ്തു. ഫോബ്‌സിന്റെ ആ?േഗാള പട്ടികയില്‍ അദാനി പതിനഞ്ചാമതായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.