സ്വന്തം ലേഖകൻ: അമേരിക്കയിൽ ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിക്ഷേപപദ്ധതി പ്രഖ്യാപിച്ചത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് എക്സിലിട്ട കുറിപ്പിനൊപ്പമാണ് നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും ഗൗതം അദാനി സന്ദേശത്തിൽ പറയുന്നു.
തകർക്കാനാകാത്ത ദൃഢതയുടെ പ്രതീകമായാണ് ട്രംപിന്റെ വിജയത്തെ അദാനി പ്രകീർത്തിച്ചത്. രാജ്യത്തിന്റെ സ്ഥാപകമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് അമേരിക്കൻ ജനാധിപത്യം പൗരന്മാരെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല