1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2022

സ്വന്തം ലേഖകൻ: ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി ഗൗതം അദാനി ലോക കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തി. ഇതാദ്യമായാണ് ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാമതെത്തുന്നത്. 10,97,310 കോടി രൂപ(137.40 ബില്യണ്‍ ഡോളര്‍)യാണ് അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍മാത്രമാണ് ഇനി അദാനിക്കുമുന്നിലുള്ളത്. 7,33,936 കോടി(91.90 ബില്യണ്‍ ഡോളര്‍) രൂപ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണ്.

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത് കഴിഞ്ഞ മാസമാണ്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ മറികടന്നു. കഴിഞ്ഞ മാസം ബില്‍ ഗേറ്റ്‌സിനെയും.

ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ബില്‍ഗേറ്റ്‌സ് ഉള്‍പ്പടെയുള്ളവര്‍ നീക്കവെച്ചതാണ് ഇവരെ മറികടക്കാന്‍ അദാനിയെ സഹായിച്ചത്. ഗേറ്റ്‌സ് 20 ബില്യണ്‍ ഡോളറും വാറന്‍ ബഫറ്റ് 35 ബില്യണ്‍ ഡോളറുമാണ് ഇത്തരത്തില്‍ ചെലവഴിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയില്‍ അദാനിയും വര്‍ധനവരുത്തിയിട്ടുണ്ട്. 60-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍നിന്ന് ഡാറ്റ സെന്റര്‍, സിമെന്റ്, മീഡിയ, ഹരിത ഊര്‍ജം എന്നീ മേഖലകളിലേയ്ക്കുകൂടി അദാനി ഈയിടെ സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.