സ്വന്തം ലേഖകൻ: കുവൈത്ത് സിവില്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡില്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലെ താമസ സ്ഥലം മാറിയവര്‍ അത് ഓണ്‍ലൈനായി പുതുക്കിയില്ലെങ്കില്‍ നടപടി വരും. കുവൈത്തിലെ ഇതുമായി ബന്ധപ്പെട്ട 32/1982 നമ്പര്‍ നിയമപ്രകാരം 100 കുവൈത്ത് ദിനാറില്‍ അധികരിക്കാത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) മുന്നറിയിപ്പ് നല്‍കി. 27,000ത്തിലേറെ ഇന്ത്യന്‍ രൂപ വരുമിത്.
397 പേരുടെ വിലാസങ്ങള്‍ വീട്ടുടമയുടെ നിര്‍ദ്ദേശപ്രകാരമോ കെട്ടിടം പൊളിച്ചത് കാരണമോ സിവില്‍ ഐഡിയില്‍ നിന്ന് ഒഴിവാക്കിയതായി ഔദ്യോഗിക ഗസറ്റായ കുവൈത്ത് അല്‍ യൗമില്‍ കഴിഞ്ഞ ദിവസം അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക മൊബൈല്‍ ആപ്പായ സഹല്‍ ആപ്ലിക്കേഷനില്‍ പുതിയ സേവനം ആരംഭിച്ചതായും പിഎസിഐ അറിയിച്ചു. ഇതുവഴി സിവില്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിലാസം ശരിയാണോ എന്നും അത് ഏതെങ്കിലും കാരണത്താല്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാനാവും. വിലാസത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ താമസ സ്ഥലത്തിന്റെ രേഖകള്‍ സഹിതം അത് അപ്‌ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം അവര്‍ക്കെതിരേ നടപടിയുണ്ടാകും.
അതിനിടെ, ‘മൈ ഐഡന്റിറ്റി’ (കുവൈത്ത് മൊബൈല്‍ ഐഡി) ആപ്ലിക്കേഷനിലെ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ നിഷേധിച്ചു. ആപ്പ് വഴി കാര്‍ഡ് ഒതന്റിഫിക്കേഷന്‍, ഇ സിഗ്നേച്ചര്‍, നോട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് പുതുതായി ഫീസ് ഈടാക്കിത്തുടങ്ങിയതായുള്ള വാര്‍ത്തയോട് പ്രതികരിക്കവെയാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. മൈ ഐഡന്റിറ്റി ആപ്പിലെ സേവനങ്ങളെല്ലാം സൗജന്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, സിവില്‍ ഐഡിയിലെതങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം ജൂണ്‍ 24നകം അപ്ഡേറ്റ് ചെയ്യാത്തവരുടെ സിവില്‍ ഐഡി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മെയ് അവസാനവാരം പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് താമസ സ്ഥലത്തിന്റെ അഡ്രസ് സിവില്‍ ഐഡിയില്‍ അപ്ഡേറ്റ് ചെയ്യാത്ത ഏകദേശം ആറായിരത്തോളം കേസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍.
വീടിന്റെ ഉടമയുടെ നിര്‍ദ്ദേശ പ്രകാരമോ താമസ കെട്ടിടം പൊളിച്ചതോ കാരണമായാണ് ഇത്രയും പേരുടെ താമസ വിലാസം റദ്ദാക്കപ്പെട്ടത്. ഈ വ്യക്തികള്‍ ജൂണ്‍ 24നകം അവരുടെ പുതിയ വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ 1982 ലെ 32-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം പിഴകള്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പുതിയ താമസ കെട്ടിടത്തിന്റെ ഉടമയുമായുള്ള വാടക കരാര്‍, വാടക രസീത്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന വീട്ടുടമയുടെ സത്യപ്രസ്താവന എന്നിവയുമായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ ആസ്ഥാനത്തോ ഏതെങ്കിലും ബ്രാഞ്ചിലോ എത്തിയാണ് സിവില്‍ കാര്‍ഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടത്. സിവില്‍ ഐഡി കാര്‍ഡ് ഉടമ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കില്‍ അതിന് തെളിവായി പുതിയ പ്രോപ്പര്‍ട്ടി രേഖ കൊണ്ടുവരണമെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിനു പുറമെ, സഹല്‍ ആപ്ലിക്കേഷന്‍ വഴിയും റെസിഡന്‍സ് അഡ്രസ് അപ്ഡേറ്റ് ചെയ്യുന്ന ഈ പ്രക്രിയ പൂര്‍ത്തിയാക്കാം.
ഐഡി കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ഒരു വിലാസം ഇല്ലാതായാല്‍ സഹല്‍ ആപ്പ് വഴി ഐഡി കാര്‍ഡ് ഉടമയുടെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മേസേജ് അയയ്ക്കും. ഇതിനോട് കാര്‍ഡ് ഉടമ പ്രതികരിച്ചില്ലെങ്കില്‍, കുവൈത്ത് മൊബൈല്‍ ഐഡി ആപ്ലിക്കേഷനില്‍ നിന്ന് അവരുടെ സിവില്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യപ്പെടും. അതേസമയം, സിവില്‍ ഐഡി ഡാറ്റ സഹല്‍ ആപ്പില്‍ തുടരും. കൂടാതെ, അഡ്രസ് നീക്കം ചെയ്യപ്പെട്ട് സിവില്‍ ഐഡി റദ്ദാക്കപ്പെട്ടവരുടെ പേര് ഗവണ്‍മെന്റ് ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. വിലാസം പുതുക്കാത്തവരുടെ കേസുകള്‍ നിയമനടപടിക്കായി തുടര്‍ന്ന് റഫര്‍ ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല