സ്വന്തം ലേഖകൻ: മെയ് 26 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ടു. താമസ സ്ഥലവുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള രേഖകള്‍ നല്‍കി അവ നിശ്ചിത സമയത്തിനകം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അവരുടെ കുവൈത്ത് സിവില്‍ ഐഡി റദ്ദാക്കപ്പെടുമെന്നും നിയമലംഘകര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകള് നടപ്പിലാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് താമസ സ്ഥലത്തിന്റെ അഡ്രസ് സിവില്‍ ഐഡിയില്‍ അപ്‌ഡേറ്റ് ചെയ്യാത്ത ഏകദേശം 5,501 കേസുകള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വീടിന്റെ ഉടമയുടെ നിര്‍ദ്ദേശ പ്രകാരമോ താമസ കെട്ടിടം പൊളിച്ചതോ കാരണം ഇത്രയും പേരുടെ താമസ വിലാസം റദ്ദാക്കിയിട്ടുള്ളതായി പബ്ലിക് അതോറിറ്റി അറിയിച്ചു. ഈ വ്യക്തികള്‍ 30 ദിവസ കാലയളവിനുള്ളില്‍ അവരുടെ പുതിയ വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ 1982 ലെ 32-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം പിഴകള്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരും.
നേരത്തേ നല്‍കിയിരിക്കുന്ന റസിഡന്‍ഷ്യല്‍ വിലാസം മാറ്റുന്നതോടെ സിവില്‍ കാര്‍ഡ് അസാധുവാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മിസാന്‍ വിശദീകരിച്ചു. താമസ കെട്ടിടത്തിന്റെ ഉടമയുമായുള്ള വാടക കരാര്‍, വാടക രസീത്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായുള്ള വീട്ടുടമയുടെ സത്യപ്രസ്താവന എന്നിവയുമായി തങ്ങളുടെ സിവില്‍ കാര്‍ഡ് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട വ്യക്തികള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ ആസ്ഥാനത്തോ ഏതെങ്കിലും ബ്രാഞ്ചിലോ എത്തണം. സിവില്‍ ഐഡി കാര്‍ഡ് ഉടമ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കില്‍ അതിന് തെളിവായി പുതിയ പ്രോപ്പര്‍ട്ടി രേഖ കൊണ്ടുവരണമെന്നും അതോറിറ്റി വ്യക്തമാക്കി.
അതോറിറ്റിയുടെ ഓഫീസില്‍ നേരിട്ട് സന്ദര്‍ശിക്കാതെ സഹ്ല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും റെസിഡന്‍സ് അഡ്രസ് അപ്‌ഡേറ്റ് ചെയ്യുന്ന ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്‍സൂര്‍ അല്‍ മിസാന്‍ പറഞ്ഞു. ഐഡി കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ഒരു വിലാസം ഇല്ലാതായാല്‍ സഹല്‍ ആപ്പ് വഴി ഐഡി കാര്‍ഡ് ഉടമയുടെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മേസേജ് അയയ്ക്കും. ഇതിനോട് കാര്‍ഡ് ഉടമ പ്രതികരിച്ചില്ലെങ്കില്‍, കുവൈത്ത് മൊബൈല്‍ ഐഡി ആപ്ലിക്കേഷനില്‍ നിന്ന് അവരുടെ സിവില്‍ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യപ്പെടും. അതേസമയം, സിവില്‍ ഐഡി ഡാറ്റ സഹല്‍ ആപ്പില്‍ തുടരും. കൂടാതെ, അഡ്രസ് നീക്കം ചെയ്യപ്പെട്ട് സിവില്‍ ഐഡി റദ്ദാക്കപ്പെട്ടവരുടെ പേര് ഗവണ്‍മെന്റ് ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. വിലാസം പുതുക്കാത്തവരുടെ കേസുകള്‍ നിയമനടപടിക്കായി തുടര്‍ന്ന് റഫര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, ബാച്ചിലേഴ്‌സ് അഥവാ അവിവാഹിതരായ പ്രവാസികള്‍ക്ക് സിവില്‍ കാര്‍ഡുകള്‍ നല്‍കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. താമസ കെട്ടിടത്തിന്റെ ഉടമയുടെ ഒപ്പ് സൂക്ഷ്മമായി പരിശോധിക്കുന്നതുള്‍പ്പെടെ വാടക കരാറുകളുടെ സമഗ്രമായ പരിശോധന ഉറപ്പുവരുത്തിയ ശേഷമാണ് ഇവ നല്‍കുന്നത്. അവിവാഹിതരായ വ്യക്തികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെന്ന് അവരുടെ സിവില്‍ കാര്‍ഡുകളിലെ അഡ്രസുമായി ക്രോസ് റഫറന്‍സ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു കമ്മിറ്റിയെ അതോറിറ്റി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രവാസി ബാ്ച്ചിലര്‍മാര്‍ താമസിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.
2021 മുതല്‍, അതോറിറ്റി അതിന്റെ വെബ്സൈറ്റിലൂടെയും സെഹല്‍ ആപ്ലിക്കേഷനിലൂടെയും (സഹേല്‍) പ്രവാസികള്‍ക്ക് തങ്ങളുടെ സിവില്‍ ഐഡി വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള സേവനം നടപ്പിലാക്കിയിരുന്നു. ഇതുപ്രകാരം പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അവരുടെ കെട്ടിടങ്ങളില്‍ താമസക്കാരായ പ്രവാസികളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. പരിശോധനയില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍, സ്വയമേവ പരാതികള്‍ ഫയല്‍ ചെയ്യാനും ഡാറ്റയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഉടമകള്‍ക്ക് സാധിക്കും. ഈ രീതിയില്‍ അഡ്രസില്‍ മാറ്റം വന്ന കേസുകളിലാണ് 30 ദിവസത്തിനകം പുതിയ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല