സ്വന്തം ലേഖകന്‍: ആധാര്‍ ബില്‍ ലോക്സഭ പാസാക്കി, ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം. പാചക വാതക സബ്സിഡി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സബ്സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ബില്‍.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ ബില്‍ കൊണ്ടുവന്നത്. ആധാര്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.
സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പരാജയപ്പെടരുതെന്ന ലക്ഷ്യത്തോടെ മണിബില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആധാര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കി രണ്ടാഴ്ചയ്ക്കകം രാജ്യസഭ മണിബില്ലുകള്‍ മടക്കിയയക്കണം. മണിബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവരാനും രാജ്യസഭയ്ക്ക് അവകാശമില്ല. ആധാര്‍ബില്ലിനെ മണിബില്ലായി കൊണ്ടുവന്നതിനെ പ്രതിപക്ഷം എതിര്‍ത്തു.
ബില്ലിലെ വ്യവസ്ഥപ്രകാരം സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി ഓഫ് ഇന്ത്യക്കാണ് (യുഐഡിഎഐ) ആധാര്‍ കാര്‍ഡ് വിതരണംചെയ്യാനുള്ള അധികാരം. സബ്സിഡികളുടെയും സേവനങ്ങളുടെയും മറ്റും വിതരണഘട്ടത്തില്‍ ആധാര്‍ നമ്പര്‍ ഉപയോക്താക്കള്‍ നല്‍കണം. സബ്സിഡികളും ആനുകൂല്യങ്ങളും നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പദ്ധതികളെയും ആധാറുമായി ബന്ധിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല