സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ വന്‍പ്രചാരണം നല്‍കാനും കേന്ദ്രസര്‍ക്കാറിനോട് മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു.
ആധാര്‍കാര്‍ഡുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കുറ്റാന്വേഷണത്തിനല്ലാതെ മറ്റാരുമായും പങ്കുവെക്കരുതെന്നും സര്‍ക്കാറിന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
ആധാര്‍പദ്ധതി നടപ്പാക്കുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. പൊതുവിതരണം, പാചകവാതകമണ്ണെണ്ണ വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നമ്പര്‍ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഈ സേവനങ്ങള്‍ നല്‍കുന്നതിനുപോലും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ആധാര്‍കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതിയുടെ അനുവാദത്തോടെ ക്രിമിനല്‍ കേസന്വേഷണത്തിനല്ലാതെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ മുകുള്‍റോത്തഗി നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.
ആധാര്‍പദ്ധതി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടൊപ്പം, സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണോയെന്ന വിഷയവും ഭരണഘടനാബെഞ്ച് പരിശോധിക്കും. മൗലികാവകാശമാണെങ്കില്‍ അതിന്റെ നാലതിരുകള്‍ എന്തൊക്കെയാണെന്നതും വിപുലമായ ബെഞ്ച് പരിഗണിക്കും. മുന്‍ കര്‍ണാടകഹൈക്കോടതി ജഡ്ജി കെ.എസ്. പുട്ടസ്വാമിയും മറ്റും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല