സ്വന്തം ലേഖകന്‍: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആധാര്‍ കാര്‍ഡിനെതിരെയുള്ള വാദങ്ങള്‍ കേട്ടതിനുശേഷം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വിധി ബാധകമാകും.
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പൊതുവിതരണ സംവിധാനം വഴി ലഭിക്കുന്ന സേവനങ്ങള്‍ക്കും പാചകവാതകത്തിനും പുറമെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു.
പൊതുവിതരണ സമ്പ്രദായം, മണ്ണെണ്ണ, പാചകവാതകം എന്നീ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ രേഖ സര്‍ക്കാരിന് ഉപയോഗിക്കാമെന്ന് ഓഗസ്ത് പതിനൊന്നിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവ ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന വെക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹത്ഗി പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതികളുള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് വാദിച്ചിരുന്നു. നിയമോപദേശകന്‍മാരായ തുഷാര്‍ മെഹ്ത, പിഎസ് പത്വാലിയ,പിങ്കി ആനന്ദ്, മുതിര്‍ന്ന അഭിഭാഷകരായ കെ.കെ വേണുഗോപാല്‍, ജയന്ദ് ഭൂഷണ്‍ എന്നിവര്‍ ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല