സ്വന്തം ലേഖകൻ: നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) പ്രഥമ സൗര ദൗത്യ പേടകമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത്. ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവില്‍ പേടകമെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഇതോടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. പേടകത്തിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആർഒ നടത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചിൽ നിശ്ചിത ഇടത്തു ഉറപ്പിക്കും. സെപ്തംബർ രണ്ടിനായിരുന്നു ആദിത്യ എല്‍-1ന്റെ വിക്ഷേപണം നടന്നത്.
”ഏറ്റവും സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രയത്നത്തിന്റെ തെളിവാണ് ഈ വിജയം. ഈ നേട്ടത്തില്‍ രാജ്യത്തോടൊപ്പം ഞാനും ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു,” നരേന്ദ്രമോദി എക്സില്‍ കുറിച്ചു.
ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിൽനിന്ന് മറ്റൊരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും ആദിത്യ എൽ1ന് സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് ഒന്ന് എന്ന ഭാഗം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ-1 ഈ ബിന്ദുവിൽ എത്തിച്ചേർന്നിരിക്കുന്നത്.
സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ചാണ് ആദിത്യ എൽ-1 പഠിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തിൽ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.
ഇതിൽ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് 1 എന്ന ബിന്ദുവിന്റെ സവിശേഷതകളെക്കുറിച്ചും പഠിക്കും. പേടകത്തിലെ രണ്ട് പേലോഡുകൾ യാത്രാമദ്ധ്യേ പ്രവർത്തനക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലെസ്കോപും സോളാർ വിൻഡ് അയേൺ സ്പെക്ട്രോ മീറ്ററുമാണ് ഭൗമ-സൗര അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും വികിരണങ്ങളെക്കകുറിച്ചും വിവരങ്ങൾ നൽകിയത്. ലഗ്രാഞ്ച് ഒന്നിൽ എത്തുന്നതോടെ മറ്റു അഞ്ച് പേലോഡുകൾ കൂടി കാര്യക്ഷമമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല