1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2024

സ്വന്തം ലേഖകൻ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിൽ. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ദിവ്യയെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. ചോദ്യംചെയ്യലിന് ശേഷം തുടര്‍നടപടികളെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.

ദിവ്യയ്ക്കെതിരായ നടപടി പോലീസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് ആരോപണമുയർന്നിരുന്നു. ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ മാര്‍ഗം. കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു.

ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങൽ നീട്ടിക്കൊണ്ട് പോവുന്നത് സർക്കാരിന് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് ദിവ്യയ്ക്കെതിരേ നടപടിയെടുക്കാൻ പോലീസ് നിർബന്ധിതമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.