സ്വന്തം ലേഖകന്‍: മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. 2016 ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള ചലച്ചിത്ര ശാഖയില്‍ ഏറ്റവും വിലപ്പെട്ട പുരസ്‌കാരമായി കരുതപ്പെടുന്ന അവാര്‍ഡാണ് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
മലയാളസിനിമയുടെ പിതാവെന്ന് വിശേഷിക്കപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ സ്മരണയ്ക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്തില്‍ തലശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ സമ്മാനിക്കും. സാംസ്‌കാരികമന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം കെ.ജി.ജോര്‍ജിനാണ് അവാര്‍ഡ് സമ്മാനിച്ചത്.
സംവിധായകന്‍ കെ ജി ജോര്‍ജ് ചെയര്‍മാനും കമല്‍, ടി കെ രാജീവ്കുമാര്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളും സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് അടൂരിനെ തെരഞ്ഞെടുത്തത്. സ്വയംവരമാണ് അടൂരിന്റെ ആദ്യം പ്രദര്‍ശനത്തിന് എത്തിയ സിനിമ. ‘പിന്നെയും’ ആണ് ഒടുവില്‍ പുറത്തിറങ്ങിയത്. സ്വയംവരം മികച്ച ചിത്രത്തിനുള്ള സ്വര്‍ണമെഡല്‍, മികച്ച സംവിധായകന്‍, മികച്ചനടിക്കുള്ള ഉര്‍വശിപട്ടം, മികച്ച ഛായാഗ്രാഹകന്‍ എന്നീ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി.
1984ല്‍ രാജ്യം പത്മശ്രീ നല്‍കി അടൂരിനെ ആദരിച്ചു. 2005ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം, 2006 ല്‍ പത്മവിഭൂഷണ്‍, 2004 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് എന്നീ ബഹുമതികളും അടൂരിനെ തേടിയെത്തി. മികച്ച സംവിധായകന്‍, മികച്ചചിത്രം, തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരം നിരവധി തവണ നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല