1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2012

പ്രവാസജീവിതത്തിന്റെ അഗ്നിപരീക്ഷകള്‍ മികവോടെ ആവിഷ്‌കരിച്ച് വായനക്കാരുടെയും നിരൂപകരുടെയും പ്രീതി നേടിയ ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന്റെ ‘ആടുജീവിതത്തിന് ഇംഗ്ലീഷ് പതിപ്പ്. ‘ഗോട്ട്‌ഡെയ്‌സ്’ എന്ന പേരില്‍ പെന്‍ഗ്വിന്‍ പബ്ലിഷേഴ്‌സാണ് നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്. ഡല്‍ഹി ജെ എന്‍ യു വില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ഡോക്ടടറേറ്റ് എടുത്ത ശേഷം ഭൂട്ടാനിലെ ഷറബ്ട്റ്റ്‌സെ, ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ, സൗദി അറേബ്യയിലെ ഹയില്‍ യൂണിവേഴ്‌സിറ്റികളിലെ അധ്യാപനത്തിനു ശേഷം കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം തലവനായി സേവനമനുഷ്ടിക്കുന്ന പ്രശസ്ത ആംഗലേയ പണ്ഡിതനായ ഡോ. ജോസഫ് കോയിപ്പള്ളിയാണ് വിവര്‍ത്തനം നടത്തുന്നതെന്ന് ബെന്യാമിന്‍ പറഞ്ഞു

അറബിക് പണ്ഡിതനും കൂടിയായ ഡോ. കോയിപ്പള്ളിയുടെ വിവര്‍ത്തനം നജീബിന്റെ ജീവിതം ആംഗലേയത്തിലും പൂര്‍ണ്ണ മിഴിവോടെ പച്ചയായി ചിത്രീകരിക്കാന്‍ പ്രയോജനകരമായി എന്നും മെയ് അവസാനത്തോടെ ഇംഗ്ലീഷ് പതിപ്പ് വായനക്കാരുടെ കൈകളില്‍ എത്തുമെന്നും ബെന്യാമിന്‍ പറഞ്ഞു. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് കെട്ടുകഥയാണ്’ എന്ന ആമുഖത്തോടെ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗള്‍ഫില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം പച്ചയായി ചിത്രീകരിച്ച നോവല്‍ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. 40 എഡിഷനുകളിലായി അരലക്ഷത്തോളം കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവും’ എം ടിയുടെ ‘രണ്ടാമൂഴവും’ പെരുമ്പടവത്തിന്റെ ‘ഒരു സങ്കീര്‍ത്തനംപോലെ’യുമാണ് മുമ്പ് ഇതുപോലെ തുടര്‍ച്ചയായി പുതിയ പതിപ്പുകളിറങ്ങിയ മലയാളനോവലുകള്‍. എന്നാല്‍, പ്രസിദ്ധീകരിച്ച് നാലുവര്‍ഷത്തിനുള്ളില്‍ ആടുജീവിതം ചരിത്രവിജയമാണ് നേടിയതെന്ന് പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്‍ ബുക്‌സ് ഉടമ കൃഷ്ണദാസ് പറഞ്ഞു.

കേരള, കാലിക്കട്ട്, പോണ്ടിച്ചേരി സര്‍വകലാശാലകളില്‍ ‘ആടുജീവിതം’ പാഠപുസ്തകമാണ്. കേരള സിലബസില്‍ പത്താംക്ലാസിലും ആടുജീവിതം പഠിക്കാനുണ്ട്. ‘ആടുജീവിതം’ എന്ന പേരില് തമിഴ് പതിപ്പും ‘സിന്ദഗി ബക്രി കി’ എന്ന പേരില്‍ ഹിന്ദി പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. കന്നടയില്‍ ഇന്റര്‍നെറ്റ് മാസികയില്‍ ആടുജീവിതത്തിന്റെ വിവര്‍ത്തനം ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നുണ്ട്. സൗദിഅറേബ്യയിലെ മരുഭൂമിയില്‍ നരകതുല്യമായ സാഹചര്യത്തില്‍ ആടുകളെ മേയ്ക്കുന്ന ജോലിനോക്കിയ ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതമാണ് നോവലിന് കരുത്തേകിയതെന്ന് ബെന്യാമിന്‍ പറഞ്ഞു. മരുഭൂമിയില്‍ നജീബിനെത്തേടി എഴുത്തുകാരന്‍ എത്തിയപ്പോള്‍ നരകജീവിതത്തിന്റെ ദുരിതം താങ്ങാനാവാതെ അയാളുടെ ഓര്‍മകള്‍ മങ്ങിയിരുന്നു.

തുടര്‍ച്ചയായ കണ്ടുമുട്ടലുകളിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് നോവലിനാവശ്യമായ അസംസ്‌കൃതവസ്തു ലഭിച്ചത്. ആടുജീവിതം പുറത്തിറങ്ങിയതോടെ നജീബിനെപ്പോലെ മണല്‍ക്കാടുകളില്‍ നരകിക്കുന്ന വിവിധ രാജ്യക്കാരെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംവിധായകന്‍ ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി ആടുജീവിതത്തിന് ചലച്ചിത്രഭാഷ്യം നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം പദ്ധതി ഉപേക്ഷിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഈ നോവലിനു ലഭിച്ചു. പുതിയ ഇതിവൃത്തത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് താനെന്ന് ബെന്യാമിന്‍. അറബി പണ്ഡിതനും കൂടിയായ ഡോ. കോയിപ്പള്ളിയുടെ വിവര്‍ത്തനവുമായി പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രവാസിജീവിതത്തിന്റെ നൊമ്പരക്കാഴ്ചകള്‍ ലോകശ്രദ്ധ നേടുമെന്നാണു പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.