സ്വന്തം ലേഖകൻ: ലാന്റിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മൂന്നു കഷ്ണങ്ങളായി മുറിഞ്ഞു. തുർക്കിയിലെ ഇസ്തംബൂൾ സബിഹ ഗോക്‌ചെൻ വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് സംഭവം. ഇസ്മിറിൽ നിന്ന് ഇസ്തംബൂളിലേക്ക് 177 യാത്രക്കാരുമായി വന്ന പെഗാസസ് എയർലൈൻസിന്റെ പി.സി 2193 വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഭൂരിഭാഗം യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായും മൂന്നുപേർ മരിച്ചതായി വിമാനക്കമ്പനി അറിയിച്ചു.
ബോയിംഗ് 737-800 ഇനത്തിൽപ്പെട്ട വിമാനം ദുർഘടമായ ലാന്റിംഗിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറി മൂന്നായി മുറിഞ്ഞതെന്ന് തുർക്കി ഗതാഗത മന്ത്രാലയം അറിയിച്ചു. റൺവേയിൽ നിന്ന് 60 മീറ്ററോളം പുറത്തേക്കു നീങ്ങിയ വിമാനം 30 മീറ്റർ താഴ്ചയിലേക്ക് വീണതിനെ തുടർന്നാണ് കഷ്ണങ്ങളായി മുറിഞ്ഞത്. വീഴ്ചയെ തുടർന്ന് തീപിടുത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമായിരുന്നു.
157 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രിയികളിലേക്ക് മാറ്റി. മൂന്നു പേർ മരിച്ചതായി ഇന്നു പുലർച്ചെയാണ് പെഗാസസ് സ്ഥിരീകരിച്ചത്. മുറിഞ്ഞ വിമാനത്തിന്റെ വിടവുകളിലൂടെയും മറ്റുമാണ് യാത്രക്കാരിൽ രക്ഷപ്പെട്ടത്. വിമാനം മുറിയുന്നതിനിടെ പലരും തെറിച്ചുവീണു.
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന തുർക്കിയിലെ ചെലവുകുറഞ്ഞ വിമാനക്കമ്പനിയാണ് പെഗാസസ്. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഈ കമ്പനിയുടെ വിമാനം ഇതേ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നുന്നത്. ജനുവരി ഏഴിന് മറ്റൊരു വിമാനവും റൺവേ വിട്ട് തെന്നിയിരുന്നെങ്കിലും ആളപായമോ പരിക്കോ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല