സ്വന്തം ലേഖകന്‍: ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തായ്ലന്‍ഡിനെ കെട്ടുകെട്ടിച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ വിജയം 55 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ഗോള്‍ നേട്ടത്തില്‍ സാക്ഷാല്‍ മെസ്സിയെ മറികടന്ന് ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്ലന്‍ഡിനെ 41ന് പരാജയപ്പെടുത്തി.
ആദ്യ ഗോള്‍ വന്നത് 27 മത് മിനിറ്റിലാണ്. സുനില്‍ ഛേത്രി നല്കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധപ്പിഴവില്‍ ഹാന്‍ഡ് ബോള്‍ വിളിക്കുകയായിരുന്നു റഫറി. ഇന്ത്യക്ക് അനുകൂലമായ പെനാല്‍റ്റി. സുനില്‍ ഛേത്രിക്ക് തെറ്റിയില്ല. ഇന്ത്യ ഒരു ഗോളിന് മുന്നില്‍.
എന്നാല്‍ 15 മിനിറ്റിന് ശേഷം തായ്ലന്ഡ് ഒപ്പം പിടിച്ചു. തീരതോണിന്റെ ഫ്രീ കിക്ക് ക്യാപ്റ്റന്‍ ഡാങ്ഡ വലയിലെത്തിച്ചു. 11. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഛേത്രി വീണ്ടും അവതരിച്ചു. ഇത്തവണ ഉദാന്ത നല്കിയ ക്രോസ് ആഷിഖ് ഛേത്രിക്ക് മറിച്ചുകൊടുത്തു. ടോപ്പ് കോര്‍ണര്‍ ലക്ഷ്യമാക്കിയുള്ള ഛേത്രിയുടെ ഷോട്ട് വലയിലെത്തി. 21.
68 മത്തെ മിനിറ്റില്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ വന്നു. സുനില്‍ ഛേത്രി ഉദാന്തക്ക് പന്ത് കൈമാറുന്നു, ബോക്സിനുള്ളില്‍ വട്ടം കറങ്ങിയ ഉദാന്ത ഓടിയെത്തിയ അനിരുദ്ധ് ഥാപ്പയ്ക്ക് പാസ് നല്കി. ഫ്രീയായി നിന്ന ഥാപ്പ പന്ത് വലയിലെത്തിച്ചു. 31.
78 മത്തെ മിനിറ്റില്‍ ആഷിഖിന് പകരക്കാരനായി ക്രീസിലെത്തിയ ജെജെ ലാല്‍പെഖുലയുടേതായിരുന്നു അടുത്ത ഊഴം. കളത്തിലിറങ്ങി നാല് മിനിറ്റിനുള്ളില്‍ ജെജെ ലക്ഷ്യം കണ്ടു. പത്തുമാസത്തെ ഇടവേളക്ക് ശേഷം ജെജെയുടെ ഗോള്‍ പിറന്നതോടെ ഗോള്‍നില 41 ആയി.
1964 ഏഷ്യന്‍ കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ വിജയിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയെ 20ത്തിനും ഹോങ്കോങ്ങിനെ 31നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് വിജയമൊരുക്കിയപ്പോള്‍ ഛേത്രി പിന്നിലാക്കിയത് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കൂടിയാണ്.
നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ദേശീയ ജഴ്സിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ ഛേത്രി രണ്ടാമതെത്തി. ഛേത്രിയുടെ അക്കൗണ്ടില്‍ ആകെ 67 ഗോളുകളാണുള്ളത്. മെസ്സി ഇതുവരെ നേടിയതാകട്ടെ 65. ഇനി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ മുന്നിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല