ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനില്‍ സാധാരണക്കാരന്‍ താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള വീടുകള്‍ ഒരുക്കണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ലണ്ടന്‍ മേയറായ ബോറിസ് ജോണ്‍സന്റെ ഓഫീസ് കെട്ടിടത്തിന് രണ്ടായിരത്തോളം ആളുകളാണ് വലയം നിന്നത്. ലണ്ടനില്‍ കൂടുതല്‍ കൗണ്‍സില്‍ ഹോമുകള്‍ നിര്‍മ്മിക്കണമെന്നും സ്വകാര്യ വാടകക്കാരെ നിയന്ത്രിക്കണമെന്നും മറ്റുമാണ് സമരക്കാരുടെ ആവശ്യം.
വരുന്ന മെയ് മാസത്തില്‍ യുകെയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താങ്ങാനാവുന്ന പാര്‍പ്പിട സൗകര്യം ഒരുക്കി തരണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നത് ഭരണകക്ഷിക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തയാറെടുക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും തലവേദനയുണ്ടാക്കും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരാവശ്യവുമായി ആയിരത്തില്‍ അധികം ആളുകള്‍ തെരുവില്‍ ഒത്തുകൂടിയാല്‍ കണ്ടില്ലെന്ന് നടിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ആകില്ലെന്ന തിരിച്ചറിവും സമരക്കാര്‍ക്ക് ഊര്‍ജമായിട്ടുണ്ട്.
സോഷ്യല്‍ ഹൗസിംഗ് എന്ന സംവിധാനം ഇല്ലാതാകുകയും സ്വകാര്യ വാടകക്കാരെ സര്‍ക്കാര്‍ നിയന്ത്രിക്കാതിരിക്കുകയും ചെയ്താല്‍ ചുരുങ്ങിയകാലം കൊണ്ട് തന്നെ പണക്കാര്‍ക്ക് വേണ്ടി മാത്രമുള്ള ഒരു ബോറന്‍ സ്ഥലമായി ലണ്ടന്‍ നഗരം മാറുമെന്ന് സമരത്തില്‍ പങ്കെടുത്ത ആളുകള്‍ അഭിപ്പായപ്പെട്ടു. മുന്‍പും പ്രതിഷേധങ്ങളും മറ്റും ഒറ്റതിരിഞ്ഞ് നടന്നിട്ടുണ്ടെങ്കിലും പാര്‍പ്പിടം എന്ന ആവശ്യവുമായി ഇത്രയധികം ആളുകള്‍ ഒരുമിച്ച് തെരുവില്‍ ഇറങ്ങുന്നത് ഇതാദ്യമാണ്.
വലിയ പണക്കാരെ ഉദ്ദേശിച്ച് ലക്ഷ്വറി ഫഌറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും മാത്രമാണ് ഇപ്പോള്‍ മുതല്‍ മുടക്കുന്ന ആളുകള്‍ ലണ്ടനില്‍ നിര്‍മ്മിക്കാറുള്ളു. സാധാരണക്കാരായ ആളുകള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ല. ലണ്ടന്‍ വിട്ട് മറ്റ് നഗരങ്ങളിലേക്ക് താമസം മാറ്റാന്‍ ഇത് ഇവരെ നിര്‍ബന്ധിക്കുന്നു. ലോകമെമ്പാടുമുള്ള പണക്കാരായ ആളുകള്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ ഒന്നാണ് ലണ്ടന്‍. പക്ഷെ സ്വദേശീയരായ ആളുകള്‍ക്ക് പോലും ഇപ്പോള്‍ ലണ്ടനില്‍ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഉയര്‍ന്ന വാടകയും, വീടുവിലയുമാണ് സാധാരണക്കാരനെ ലണ്ടന്‍ നഗരത്തില്‍നിന്ന് ആട്ടിയിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല