സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിലെ പ്രധാന നഗരമായ മസാര്‍ ഇ ശരീഫ് നഗരത്തിലെ കോണ്‍സുലേറ്റിനു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒരു കൂട്ടം തോക്കുധാരികള്‍ കെട്ടിടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കോണ്‍സുലേറ്റ് കെട്ടിടത്തിനുസമീപം വെടിവെപ്പും സ്‌ഫോടനവും ഉണ്ടായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരര്‍ കോണ്‍സുലേറ്റിന്റെ മുറ്റത്തേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നഗരം സ്ഥിതിചെയ്യുന്ന ബല്‍ഖ് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് പറഞ്ഞു. തങ്ങള്‍ ആക്രമിക്കപ്പെട്ടതായും പോരാട്ടം തുടരുന്നതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങളും സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്താന്‍ സന്ദര്‍ശിച്ചതിന് ഏതാനും ദിവസത്തിനുശേഷമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയില്‍ പ്രാദേശിക പൊലീസ് വിപുലമായ സുരക്ഷാ കവചം തീര്‍ത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
2013 ആഗസ്റ്റില്‍ അഫ്ഗാനിലെ ജലാലാബാദ് നഗരത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെയും ചാവേറാക്രമണമുണ്ടായിരുന്നു. അന്ന്, ഏഴു കുട്ടികളുള്‍പ്പെടെ ഒമ്പത് സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല