![](https://www.nrimalayalee.com/wp-content/uploads/2021/12/Afghan-Airports-Operation-Qatar-Turkey.jpg)
സ്വന്തം ലേഖകൻ: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ അഫ്ഗാന്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഖത്തറും തുര്‍ക്കിയും ഉടന്‍ ഏറ്റെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതേക്കുറിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കവൊസോഗ്ലു കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിയിരുന്നു.
വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണാ പത്രത്തില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. എന്നാല്‍ തുര്‍ക്കി, ഖത്തര്‍ വ്യോമയാന സ്ഥാപനങ്ങള്‍ തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തുല്യ പങ്കാളിത്തത്തോടെ ഇരു രാജ്യങ്ങളും വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാനാണ് ധാരണയിലെത്തിയതെന്നാണ് വിവരം.
കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ, അഫ്ഗാനിസ്ഥാനിന്റെ മറ്റ് ഭാഗങ്ങളിലുള്ള നാലു വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല തുര്‍ക്കിയും ഖത്തറും ഏറ്റെടുക്കും. നിലവില്‍ ഇവ താത്ക്കാലിക താലിബാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. വിമാനത്താവള നടത്തിപ്പിന്റെ മറ്റ് വിശദാംശങ്ങളെ കുറിച്ച് താലിബാന്‍ ഭരണകൂടവുമായുള്ള ചര്‍ച്ചകളും അന്തിമ ഘട്ടത്തിലാണ്.
ഇതിനായി തുര്‍ക്കി, ഖത്തര്‍ സംഘം കഴിഞ്ഞ ദിവസം കാബൂളില്‍ എത്തിയിരുന്നു. ഇവിടെ നിന്നുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംഘം വീണ്ടും ദോഹയിലെത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് താലിബാന്‍ ഭരണകൂടമോ തുര്‍ക്കി, ഖത്തര്‍ അധികൃതരോ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ ഭരണകൂടം താലിബാന്‍ ഏറ്റെടുത്തതോടെ അഫ്ഗാന്‍ വിമാനത്താവളങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. യുഎസ് സൈനികര്‍ അഫ്ഗാന്‍ വിടുന്നതിനു മുമ്പ് വിമാനത്താവളത്തിലെ ഉപകരണങ്ങളും റഡാര്‍ സിസ്റ്റവും തകര്‍ത്തതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവയുടെ പ്രവര്‍ത്തനം ഖത്തറും തുര്‍ക്കിയും ഏറ്റെടുക്കുന്നതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല