1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥനിലെ കാബൂൾ വിമാനത്താവളത്തിൽനിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി. ഗാസിയാബാദിലെ വ്യോമത്താവളത്തിലാണ് സി–17 വിമാനം ലാൻഡ് ചെയ്തത്. 107 ഇന്ത്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന്‍ പൗരന്മാരാണ് സംഘത്തിലുള്ളത്.

കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേര്‍ എയര്‍ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലര്‍ച്ചെ ഡൽഹിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാള്‍ സ്വദേശികളും തജികിസ്ഥാനില്‍നിന്നും 135 പേര്‍ ദോഹയില്‍നിന്നുമാണ് എത്തിയത്.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ വേഗത്തിലാക്കി. ഇനി കാബൂളില്‍നിന്നും പ്രതിദിനം രണ്ടു സര്‍വീസുകള്‍ വീതം നടത്താന്‍ സര്‍ക്കാരിന് അനുമതി ലഭിച്ചതായാണ് വിവരം. രക്ഷാദൗത്യം തുടരുമെന്നും ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്തെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ ഇരുപതു വർഷം കൊണ്ടു നിർമിച്ചതെല്ലാം നഷ്ടപ്പെട്ടെന്ന് ഇന്ത്യൻ സംഘത്തിനൊപ്പം കാബൂളിൽനിന്നെത്തിയ അഫ്ഗാൻ എംപി നരേന്ദർ സിങ് ഖൽസ. എല്ലാം ശൂന്യമായിരിക്കുന്നെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു. ഇന്ത്യൻ പൗരന്മാരോടൊപ്പം വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിയതാണ് നരേന്ദർ സിങ് ഖൽസ. ഹിന്ദോൺ വ്യോമതാവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിതുമ്പിയത്.

നേരത്തെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഖൽസ നന്ദിയർപ്പിച്ചിരുന്നു. ഇന്ത്യക്കാർക്കൊപ്പം അഫ്ഗാനിലെ സിഖ് സമൂഹത്തേയും രക്ഷിക്കാൻ നടപടി സ്വീകരിച്ചതിനാണ് അദ്ദേഹം നന്ദിയർപ്പിച്ചത്. ശനിയാഴ്ച രാത്രി കാബൂൾ വിമാനത്താവളത്തിൽവച്ചാണ് നന്ദിയർപ്പിച്ചുകൊണ്ടുള്ള വിഡിയോ റെക്കോർഡ് ചെയ്തത്. രണ്ട് എംപിമാരുൾപ്പെടെ 24 സിഖ് വിഭാഗത്തിൽപ്പെട്ട ആളുകളെയാണ് ഇന്ത്യ രക്ഷിച്ചത്.

വിമാനത്താവളത്തിലെത്താൻ തുടർച്ചയായി ശ്രമിക്കുകയായിരുന്നെന്നും എന്നാൽ സാധിച്ചില്ലെന്നും മറ്റൊരു സിഖ് യാത്രക്കാരൻ പറഞ്ഞു. താലിബാൻ ക്രൂരമായാണ് പെരുമാറിയത്. തങ്ങളെ തടഞ്ഞുവച്ചു. എന്തിനാണ് പോകുന്നതെന്നും പോകേണ്ട ആവശ്യമില്ലെന്നും താലിബാൻ അറിയിച്ചു. നിരവധി പ്രതിസന്ധികൾ കടന്നാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഇന്ത്യന്‍ സംഘത്തോടൊപ്പം ഡല്‍ഹിയിലേക്ക് വരാന്‍ തയാറായ അഫ്ഗാനിസ്ഥാന്‍ സിഖ്, ഹിന്ദു വിഭാഗത്തില്‍നിന്നുള്ള 72 പേരെ താലിബാന്‍ മടക്കി അയച്ചതായും റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.