സ്വന്തം ലേഖകന്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു. കുന്ദൂസ് പ്രവിശ്യയിലാണ് ബസുകള്‍ ആക്രമിച്ച താലിബാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 150 ലേറെ ആളുകളെ തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ഖാന്‍ അബാദ് ജില്ലയില്‍ മൂന്നു ബസുകള്‍ തടത്തുനിര്‍ത്തിയായിരുന്നു ആളുകളെ തടവിലാക്കിയതെന്ന് പ്രവിശ്യ കൗണ്‍സില്‍ മേധാവി മുഹമ്മദ് യൂസുഫ് അയ്യൂബി പറഞ്ഞു.
തഖാര്‍ പ്രവിശ്യയില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കാരായിരുന്നു ബസുകളില്‍. അവധിക്ക് വീടുകളിലേക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സൈനികരെയുമാണ് താലിബാന്‍ ഉന്നമിട്ടതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈദുല്‍ അസ്ഹയോടനുബന്ധിച്ച് താലിബാനുമായി ഉപാധികളോടെ വെടിനിര്‍ത്തലിന് തയാറാണെന്ന പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആക്രമണം.
ആദ്യം പ്രഖ്യാപനത്തിനു താലിബാന്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഈദിനോടനുബന്ധിച്ച് നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് വെബ്‌സൈറ്റിലൂടെ അറിയിച്ചു. ഈ ഫിത്‌റിനോടനുബന്ധിച്ചും താലിബാനുമായി സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് മൂന്നുദിവസത്തെ വെടിനിര്‍ത്തലിന് തയാറായ താലിബാന്‍ അത് നീട്ടാന്‍ വിസമ്മതിച്ചു. ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെക്കുറിച്ച് താലിബാനും പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല