സ്വന്തം ലേഖകൻ: ചില വീഡിയോകള്‍ കണ്ടാല്‍ നമ്മുടെ മനസും സന്തോഷത്താല്‍ നിറയും. അത്തരമൊരു വീഡിയോയാണ് സഹീറ സിയാറ എന്ന അഭിഭാഷക ട്വീറ്റ് ചെയ്തത്. അഫ്ഗാനിസ്താനില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ജീവിക്കാന്‍ വേണ്ടി പേനകള്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഈ വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി ആ പെണ്‍കുട്ടി കണ്ടുമുട്ടിയ ഒരു സ്ത്രീ അവളുടെ സന്തോഷത്തിന് കാരണമാകുകയാണ്.
സൈനബ് എന്നാണ് പേന വില്‍ക്കുന്ന ഈ കുട്ടിയുടെ പേര്. അവള്‍ പതിവുപോലെ റോഡരികിലൂടെ നടന്ന് ജോലി ചെയ്യുകയായിരുന്നു. വാഹനങ്ങളില്‍ എത്തുന്നവരോട് അവള്‍ പേന വേണോ എന്ന് ചോദിക്കുന്നുണ്ട്. ഇതിനിടയില്‍ കാര്‍ നിര്‍ത്തിയ ഒരു സ്ത്രീ പേനയുടെ വില എത്രയാണെന്ന് സൈനബിനോട് ചോദിക്കുന്നു. 20 സെന്റാണെന്ന് അവള്‍ മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം.
ഈ പേനകള്‍ മുഴുവന്‍ വാങ്ങിയാല്‍ നിനക്ക് സന്തോഷമാകുമോ എന്ന് ആ സ്ത്രീ സൈനബിനോട് ചോദിക്കുന്നു. അതുകേട്ട് അവള്‍ ചിരിക്കുന്നതും ആ സ്ത്രീ പണം മുഴുവന്‍ കൊടുത്ത് പേന വാങ്ങുന്നതും വീഡിയോയില്‍ കാണാം. വളരെ സന്തോഷത്തോടെയാണ് സൈനബ് അമ്മയുടെ അരികിലേക്ക് തിരിച്ചുപോകുന്നത്.
‘കാബൂളില്‍ ഒരു കൊച്ചു അഫ്ഗാന്‍ പെണ്‍കുട്ടി തന്റെ കുടുംബത്തെ പോറ്റാന്‍ പേനകള്‍ വില്‍ക്കുന്നു. ഞാന്‍ അവയെല്ലാം വാങ്ങിയാല്‍ നിനക്ക് സന്തോഷമാകുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പുഞ്ചിരിച്ചുകൊണ്ട് അതെ എന്ന് പറഞ്ഞു.’-വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ സഹീറ പറയുന്നു. ഇതിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. കണ്ണും ഹൃദയവും നിറഞ്ഞു എന്നായിരുന്നു ഒരാളുടെ കമന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല