സ്വന്തം ലേഖകന്‍: യു.എസില്‍ നടന്ന അന്താരാഷ്ട്ര റോബോട്ടിക്‌സ് മത്സരത്തില്‍ മിന്നും താരങ്ങളായി അഫ്ഗാന്‍ പെണ്‍കുട്ടികള്‍, വെള്ളി മെഡല്‍ സ്വന്തമാക്കി. പോളണ്ടിന്റെ ടീമിനൊപ്പമാണ് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ വെള്ളിമെഡല്‍ പങ്കിട്ടത്. യൂറോപ്പില്‍നിന്നുള്ള സംഘം സ്വര്‍ണ മെഡല്‍ നേടി. അമേരിക്കന്‍ സംഘത്തിനാണ് വെങ്കലം. 150 രാജ്യങ്ങളില്‍നിന്നുള്ള കൗമാരക്കാരാണ് മത്സരത്തില്‍ മാറ്റുരച്ചത്.
ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. കാബൂളിലെ അമേരിക്കന്‍ എംബസിയില്‍ ചെന്ന് രണ്ടു തവണ വിസക്കായി അപേക്ഷ നല്‍കിയിട്ടും നിരസിച്ചതിനെ തുടര്‍ന്ന് മത്സരം തുടങ്ങുന്നതിനു മുമ്പേ അഫ്ഗാന്‍ സംഘം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. മത്സരം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് ഈ പെണ്‍കുട്ടികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചതോടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ട് വിസ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
യുദ്ധങ്ങളുടെ ഭൂമിയെന്നാണ് അഫ്ഗാനിസ്താന്‍ അറിയപ്പെടുന്നത്. എന്നാല്‍, തങ്ങള്‍ അതുമാത്രമല്ലെന്ന് തെളിയിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്ന് പെണ്‍കുട്ടികള്‍ മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഗാംബിയന്‍ പെണ്‍സംഘത്തിനും ആദ്യം വിസ നിഷേധിച്ചിരുന്നു. സിറിയയില്‍നിന്നുള്ള മൂന്ന് അഭയാര്‍ഥി പെണ്‍കുട്ടികളുടെ സംഘവും മത്സരത്തിനുണ്ടായിരുന്നു. റെഫ്യൂജി, റോബോട്ട് എന്നീ വാക്കുകള്‍ സംയോജിപ്പിച്ച് റോബോജീ എന്ന് അവര്‍ തങ്ങളുടെ റോബോട്ടിന് പേരിട്ടതും ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല