സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സൈനികന് ഇനി മുതല്‍ മലയാളി കൈകള്‍. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിലെ ക്യാപ്റ്റനായ അബ്ദുള്‍ റഹിമിനാണ് അപൂര്‍വമായ ശസ്ത്രക്രിയയിലൂടെ മലയാളിയുടെ കൈകള്‍ തുന്നിച്ചേര്‍ത്തത്. പാതിയില്‍ തകര്‍ന്നുപോയ റഹിമിന്റെ കൈകളുടെ സ്ഥാനത്ത് മസ്തിഷ്‌ക മരണം സംഭവിച്ച ഒരു മലയാളിയുടെ കൈകള്‍ ശസ്ത്രിക്രിയയിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു.
കൊച്ചിയിലെ എയിംസില്‍ വെച്ച് നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഴി ബോംബുകള്‍ പ്രത്യേക റിമോട്ട് സംവിധാനത്തിലൂടെ നിര്‍വാര്യമാക്കുന്നതില്‍ വിദഗ്ധനായിരുന്ന റഹീമിന് കാണ്ഡഹാറില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബോംബ് നിര്‍വ്വീര്യമാക്കുന്നതിനിടെ മൈന്‍ പൊട്ടിത്തെറിച്ച് രണ്ട് കൈകളും കൈപ്പത്തിക്ക് താഴെ വെച്ച് ചിതറുകയായിരുന്നു.
കേരളത്തിലെ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് അറിഞ്ഞ ശേഷം ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. ബൈക്കപകടത്തില്‍ പരുക്കേറ്റു മസ്തിഷ്‌ക മരണം സംഭവിച്ച കൊച്ചി ഏലൂര്‍ ഫെറി തൈപ്പറമ്പില്‍ ടിജി ജോസഫി കൈകളാണു റഹിമിന്റെ കൈകളായി മാറിയത്. ജോസഫിന്റെ കരളും കണ്ണുകളും നേരത്തെ ദാനം ചെയ്തിരുന്നു.
15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കൈകള്‍ തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയയില്‍ ഇരുപതിലധികം സര്‍ജന്മാരും 10 അനസ്‌ത്യേഷ്യോളജിസ്റ്റുകളും പങ്കാളികളായി. ഇപ്പോള്‍ റഹീമിനു കൈകള്‍ സ്വന്തമായി ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. കൈകള്‍ കൂടുതല്‍ ചലിപ്പിക്കുന്നതിന് പത്ത് മാസത്തോളം ഫിസിയോ തെറാപ്പി വേണ്ടിവരും. എയിംസിലെ രണ്ടാമത്തെ വിജയകരമായ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല