![](https://www.nrimalayalee.com/wp-content/uploads/2021/11/Afghan-Woman-National-Geographic-Cover-Girl-Italy-.jpg)
സ്വന്തം ലേഖകൻ: ച്ചനിറമുള്ള കണ്ണുകൾകൊണ്ട് തുറിച്ചുനോക്കി ലോകത്തിനു വിസ്മയവും നൊമ്പരവും സമ്മാനിച്ച അഫ്ഗാൻവനിത ശർബത്ത് ഗുലയെ ഇറ്റലി ഏറ്റെടുത്തു. അഫ്ഗാനിൽ താലിബാൻ വീണ്ടും ഭരണം പിടിച്ചതോടെ ശർബത്ത് രാജ്യം വിടാൻ സഹായം തേടുകയായിരുന്നെന്ന് ഇറ്റലി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇറ്റലിയിൽ പുതിയ ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും സർക്കാർ നൽകും.
1984 ൽ സ്റ്റീവ് മക്‌കറി ക്യാമറയിൽ പകർത്തി നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി വന്ന ഫോട്ടോയിലൂടെയാണു ശർബത്തിനെ ലോകം അറിഞ്ഞത്. അന്നു 12 വയസ്സായിരുന്നു. അൽപകാലം പാകിസ്ഥാനിൽ കഴിഞ്ഞ ശേഷം തിരികെ കാബൂളിലെത്തിയ ശർബത്തിന് അന്നത്ത അഫ്ഗാൻ സർക്കാർ വീടു നൽകിയിരുന്നു.
പാകിസ്താനിലെ ഒരു അഭയാർത്ഥി ക്യാംപിൽ വച്ചാണ് അമേരിക്കൻ ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കറി ശർബത്തിന്റെ ചിത്രം പകർത്തിയത്. ആ വർഷം തന്നെ ചിത്രം നാഷനൽ ജിയോഗ്രഫിക് മാഗസിന്റെ മുഖച്ചിത്രമായും പ്രസിദ്ധീകരിച്ചു. ഇതോടെയാണ് ശർബത്ത് ലോകമറിയുന്ന ഏറ്റവും പ്രശസ്തയായ അഭയാർത്ഥിയായി മാറിയത്. 1979ലെ സോവിയറ്റ് അധിനിവേശത്തെ തുടർന്നാണ് ശർബത്ത് ഗുല പാകിസ്താനിൽ അഭയം പ്രാപിച്ചത്.
2016ൽ വ്യാജ തിരിച്ചറിയൽ രേഖയുടെ പേരിൽ അവരെ പാകിസ്താൻ അഫ്ഗാനിലേക്ക് നാടുകടത്തിയിരുന്നു. താലിബാൻ അധികാരമേറ്റ ശേഷം 5,000ത്തോളം അഫ്ഗാനികളാണ് ഇതുവരെ ഇറ്റലിയിൽ അഭയം തേടിയത്. സെപ്റ്റംബർ ഒൻപതിന് റോമിലെത്തിയ അഫ്ഗാന്റെ പ്രഥമ വനിതാ ചീഫ് പ്രോസക്യൂട്ടർ മരിയ ബഷീറിന് ഇറ്റലി പൗരത്വം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല