![](https://www.nrimalayalee.com/wp-content/uploads/2021/09/Afghan-Woman-Taliban-Gunpoint-.jpg)
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തു പുതിയ സർക്കാരിനെ പ്രഖ്യാപിച്ച താലിബാനോടു നേർക്കുനേർ നിന്നൊരു വനിതാ പോരാളി. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു.
പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രമാണു മണിക്കൂറുകൾക്കം നിരവധിപേർ റീട്വീറ്റ് ചെയ്തതും മറ്റു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും കർശന നിയന്ത്രണങ്ങളാണു താലിബാൻ നടപ്പാക്കുന്നത്. പുതിയ സർക്കാർ ‘പുരോഗമനം ഉള്ളതായിരിക്കും’ എന്നു താലിബാൻ പറയുന്നുണ്ടെങ്കിലും ഇതുവരെ അതിന്റെ സൂചനകളൊന്നുമില്ല. ഈ പശ്ചാത്തലത്തിലാണ്, തോക്കു ചൂണ്ടിയ താലിബാൻ ഭടന്റെ മുഖത്തേക്കു തലയുയർത്തി നോക്കി സധൈര്യം നിൽക്കുന്ന സ്ത്രീ ഒറ്റയാൾ പട്ടാളമായത്.
നെഞ്ചിലേക്കു തോക്കു ചൂണ്ടിയ താലിബാൻകാരന്റെ നേർക്കു കൂസലില്ലാതെ നോക്കുന്ന ഈ സ്ത്രീ അഫ്ഗാന്റെ സമരപ്രതീകമായി.
ടിയാനന്‍മെന്‍ ‘ടാങ്ക് മാൻ’ പോലെയുള്ള ചരിത്ര മുഹൂർത്തമാണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ മിക്കവരും ഈ ചിത്രത്തെപ്പറ്റി അഭിപ്രായപ്പെടുന്നത്.
1989 ജൂൺ നാലിനു ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിനു യുവാക്കളുടെയും വിദ്യാർഥികളുടെയും നേരെ ചൈനീസ് സൈന്യം വെടിയുതിർത്തു. എത്ര പേരാണ് ആ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടതെന്ന കണക്കു പോലുമില്ല. നൂറുകണക്കിനു വിദ്യാർഥികളെ കൊന്നുതള്ളിയതിനു തൊട്ടടുത്ത ദിവസം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 വയസ്സുള്ള യുവാവിന്റെ ചിത്രം ആ സമരത്തിന്റെ പ്രതീകമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല