1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2022

സ്വന്തം ലേഖകൻ: ‘ഇതിനേക്കാൾ നല്ലത് സ്ത്രീകളുടെ കഴുത്തറക്കാൻ ഉത്തരവിടുന്നതായിരുന്നു’, അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെ തുടർപഠനം വഴിമുട്ടിയ മർവ എന്ന 19-കാരി പറയുന്നു. മർവ അടുത്തിടെയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിനായി സഹോദരൻ ഹാമിദിനൊപ്പം യോഗ്യത നേടിയത്. മാർച്ചിൽ ക്ലാസ് ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം രാജ്യവ്യാപകമായി വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഉത്തരവിടുന്നത്. ഇനി സഹോദരൻ കോളേജിലേക്ക് പോകുമ്പോൾ സങ്കടത്തോടെ നോക്കി നിൽക്കാനെ മർവയ്ക്ക് സാധിക്കൂ.

‘മൃഗങ്ങളേക്കാള്‍ മോശമായിട്ടാണ് ഞങ്ങളോട് അവർ പെരുമാറുന്നത്. മൃഗങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ളിടങ്ങളിലേക്ക് പോകാം. എന്നാൽ ഞങ്ങൾ പെൺകുട്ടികൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുമുള്ളഅവകാശം ഇല്ല. ഞങ്ങൾ ജനിച്ചില്ലായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഈ ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ ദുഃഖിക്കുന്നു’, മർവ പറഞ്ഞതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു.

‘നിരവധി പ്രതിസന്ധികളിലൂടെയാണ് അവൾ അവളുടെ പ്ലസ് ടു പഠനം പൂർത്തീകരിച്ചത്. അവളുടെ സ്വപ്നം സാക്ഷാത്കരിക്കണം എന്നുതന്നെയാണ് എനിക്കും പറയാനുള്ളത്. പക്ഷെ, ഇപ്പോൾ ഞങ്ങൾക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല’, മർവയുടെ സഹോദരൻ ഹാമിദ് നിസ്സഹായനായി പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് രാജ്യവ്യാപകമായി സര്‍വകലാശാലാ വിദ്യാഭ്യാസം വിലക്കിക്കൊണ്ട് താലിബാൻ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം നിര്‍ദേശിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി ഇക്കാര്യം വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ മുതിര്‍ന്ന പുരുഷ അധ്യാപകരോ മാത്രമെ പഠിപ്പിക്കാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സര്‍വകലാശാല വിദ്യാഭ്യാസത്തിനുതന്നെ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, താലിബാൻ നേതാക്കളുടെ പെൺമക്കളെ വിദേശ രാജ്യങ്ങളിൽ അയച്ച് പഠിപ്പിക്കുന്നുണ്ട് എന്ന ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. താലിബാൻ വക്താവ് സുഹൈൽ ഷെഹീന്റെരണ്ട് പെൺമക്കൾ ദോഹയിൽ ഉന്നതവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം തന്നെ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിലെ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചതോടെ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.