1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2024

സ്വന്തം ലേഖകൻ: ഭീകരസംഘടനയായ അല്‍ ഖായിദയുടെ സ്ഥാപകനും യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. മരിച്ചുവെന്ന് കരുതിയ ഹംസ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും അല്‍ ഖായിദയെ നയിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നാണ് ഇത്രയും കാലം കരുതിയിരുന്നത്.

അല്‍ ഖായിദയെ പുനരുജ്ജീവിപ്പിച്ച്‌ സജീവമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഹംസ ബിന്‍ ലാദന്‍ വലിയ ഭീകരാക്രമണങ്ങള്‍ക്കാണ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ് ഹംസ ലക്ഷ്യമിടുന്നത്. ഹംസയുടെ നീക്കങ്ങളെ കുറിച്ച് മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്കും അറിയാം. ഇവര്‍ ഹംസയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. താലിബാന്‍ നേതാക്കളാണ് ഹംസയ്ക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണവും പിന്തുണയും നല്‍കുന്നത്-റിപ്പോര്‍ട്ട് പറയുന്നു

‘താലിബാന്‍ നേതാക്കള്‍ കൃത്യമായ ഇടവേളകളില്‍ ഹംസയുമായി കൂടിക്കാഴ്ച നടത്താറുണ്ട്. അവരാണ് ഹംസയ്ക്കും കുടുംബത്തിനും സുരക്ഷയും പിന്തുണയും നല്‍കുന്നത്. അല്‍ ഖായിദയും താലിബാനും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇറാഖ് യുദ്ധത്തിനുശേഷം അല്‍ഖായിദയുടെ ശക്തമായ തിരിച്ചുവരവാണ് നടക്കുന്നത്.’ -ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.

അഫ്ഗാന്‍ നഗരമായ ജലാലാബാദ് കേന്ദ്രീകരിച്ചാണ് 34-കാരനായ ഹംസയുടെ പ്രവര്‍ത്തനം. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന നഗരമാണ് കിഴക്കന്‍ കാബൂളില്‍നിന്ന് 100 മൈലോളം അകലെയുള്ള ജലാലാബാദ്. ഹംസയുടെ സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനും ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.എസ്. ചാരസംഘടനയായ സി.ഐ.എയുടെ കണ്ണുവെട്ടിക്കാനായി ഹംസയും നാല് ഭാര്യമാരും ഇറാനിലാണ് വര്‍ഷങ്ങളോളം അഭയം തേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ ട്രംപാണ് ഹംസയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. തെക്കുകിഴക്കന്‍ അഫ്ഗാനിലെ ഘസ്‌നി പ്രവിശ്യയിലാണ് അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം. എന്നാല്‍ ഹംസ കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്നതിന് ആവശ്യമായ ഡി.എന്‍.എ. തെളിവ് ഉള്‍പ്പെടെ ഹാജരാക്കാന്‍ സി.ഐ.എയ്ക്ക് അന്ന് കഴിഞ്ഞിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.