സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്.
താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നിർദ്ദേശം നൽകികഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയെങ്കിലും താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നും ഇവിടെ നിന്നും പരിശീലനം നേടുന്ന സ്ത്രീകൾ പറയുന്നു.
രാജ്യത്ത് ആരോഗ്യ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് താലിബാന്റെ പുതിയനീക്കം. 17,000ത്തിലധികം യുവതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കൽ പരിശീലനം നടത്തിവന്നിരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് താലിബാൻ സർക്കാർ നിർദേശം നൽകിയതായാണ് നടത്തിപ്പുകാർ പറയുന്നത്.
2021ൽ താലിബാൻ അധികാരത്തിലേറിയ സമയം മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. നിലവിൽ സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസാന മാർഗത്തിനെയാണ് താലിബാൻ തടയിടുന്നത്. സ്ത്രീകളെ ചികിത്സിക്കാൻ പുരുഷ ഡോക്ടർമാർക്ക് അനുവാദമില്ല എന്ന കാരണത്താലാണ് ഈ മേഖലയിൽ മാത്രം സ്ത്രീകൾക്ക് ഇളവ് ലഭിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല