സ്വന്തം ലേഖകന്‍: അഫ്ഗാന്‍ അഭയാര്‍ഥിയെ നാടുകടത്തുന്നതിനെതിരെ വിമാനത്തില്‍ സ്വീഡിഷ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം; സ്വീഡനില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് വിമാനത്താവളത്തിലാണ് അഫ്ഗാനില്‍നിന്നുള്ള അഭയാര്‍ഥിയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയായ പെണ്‍കുട്ടി വിമാനത്തിനകത്ത് ഒറ്റയാള്‍ സമരം നടത്തിയത്. ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ എലിന്‍ എര്‍സണും സുഹൃത്തും തുര്‍ക്കിയിലേക്കുള്ള യാത്രക്കാണ് വിമാനത്താവളത്തില്‍ എത്തിയത്.
ടിക്കറ്റെടുത്തതിനു ശേഷമാണ് ഇതേ വിമാനത്തില്‍ നാടുകടത്താന്‍ നിശ്ചയിച്ച അഫ്ഗാന്‍ പൗരനെ ഇവര്‍ കണ്ടത്. തുടര്‍ന്ന് വിമാനത്തില്‍ കയറിയ ഉടന്‍തന്നെ എലിന്‍ ഉച്ചത്തില്‍ ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ട് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. വിമാനത്തില്‍ ഇരിക്കാന്‍ കൂട്ടാക്കാതെയായിരുന്നു എലിന്റെ പ്രതിഷേധം. പ്രതിഷേധ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ലക്ഷക്കണക്കിനാളുകള്‍ പങ്കുവെക്കുകയും ചെയ്തു.
നിങ്ങള്‍ നിങ്ങളുടെ യാത്ര മുടങ്ങരുതെന്ന് ആഗ്രഹിക്കുന്നപോലെ ഒരു മനുഷ്യന്റെ ജീവിതം വലിച്ചെറിയപ്പെടരുതെന്ന് ഞാനും ആഗ്രഹിക്കുന്നുവെന്ന് വിമാനത്തിലെ മറ്റു യാത്രക്കാരോട് ഇവര്‍ പറയുന്നുണ്ട്. അഫ്ഗാന്‍ അഭയാര്‍ഥിയെ വിമാനത്തില്‍നിന്ന് ഇറക്കുന്നതുവരെ താന്‍ സീറ്റില്‍ ഇരിക്കുന്ന പ്രശ്‌നമില്ലെന്നും എലിന്‍ പറഞ്ഞു. നാടകം നിര്‍ത്തണമെന്ന് വിമാന ജീവനക്കാര്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നായിരുന്നു മറുപടി.
ക്ഷുഭിതനായ ഒരു യാത്രക്കാരന്‍ ഇവരുടെ ഫോണ്‍ പിടിച്ചുവാങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ഒരു ജീവനാണോ സമയമാണോ വലുത് എന്ന് അവര്‍ ചോദിച്ചു. ഇയാള്‍ അഫ്ഗാനിസ്താനില്‍ സുരക്ഷിതന്‍ ആയിരിക്കില്ല. രാജ്യത്തിന്റെ നിയമങ്ങള്‍ മാറ്റാനാണ് താന്‍ ശ്രമിക്കുന്നത്. നരകത്തിലേക്ക് ആളുകളെ അയക്കുന്ന അത്തരം നിയമങ്ങള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പറഞ്ഞ് എലിന്‍ കരയുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ പെണ്‍കുട്ടിയുടെ സമരത്തിനു മുന്നില്‍ അധികൃതര്‍ മുട്ടുമടക്കിയതോടെ അഫ്ഗാന്‍ അഭയാര്‍ഥിയെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയ ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല