സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ജലാലാബാദിൽ താലിബാനെതിരെ പ്രതിഷേധവുമായി ജനക്കൂട്ടം തെരുവിലിറങ്ങി. അവർക്കു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. ജലാലാബാദ് നഗര ചത്വരത്തിൽ താലിബാൻ പതാക നീക്കി അഫ്ഗാൻ ദേശീയ പതാക പുനഃസ്ഥാപിച്ചായിരുന്നു പ്രതിഷേധം.
അതേസമയം, ഇന്നലെയും നൂറുകണക്കിനാളുകൾ കാബൂൾ വിമാനത്താവളം വഴി രാജ്യം വിട്ടു. വിമാനത്താവളത്തിനു പുറത്തു തിക്കിലും തിരക്കിലും 17 പേർക്കു പരുക്കേറ്റു. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ കാബൂളിലും ദോഹയിലുമായി പുരോഗമിക്കുന്നു. ഖത്തറിൽ പ്രവാസത്തിലായിരുന്ന താലിബാൻ സ്ഥാപകനേതാവ് മുല്ല അബ്ദുൽ ഗനി ബറാദർ അഫ്ഗാനിൽ തിരിച്ചെത്തി.
പാക്ക് അതിർത്തിയോടു ചേർന്ന ജലാലാബാദാണ് താലിബാൻ അവസാനം കീഴടക്കിയ നഗരം. തെക്കുകിഴക്കൻ പ്രവിശ്യയായ ഖോസ്തിലും ഇന്നലെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതുവരെ താലിബാനു കീഴ്പ്പെടാത്ത വടക്കൻ പ്രവിശ്യയായ പാഞ്ച്ശീറിലും താലിബാൻ വിരുദ്ധ നീക്കങ്ങൾ ശക്തിപ്രാപിച്ചു.
അഫ്ഗാനിസ്താനിലെ 35 പ്രവിശ്യകളിലൊന്നായ പഞ്ച്ഷിറിലാണ് മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സലേ ഉള്ളത്. അഫ്ഗാന്റെ താത്കാലിക പ്രസിഡന്റ് പദവി താന്‍ ഏറ്റെടുത്തതായും താലിബാനെതിരെ പ്രതിരോധത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. പാഞ്ച്ഷിറിനെ വിദേശ ശക്തികളോ താലിബാനോ ഇതുവരെ കീഴടക്കിയിട്ടില്ല.
ഒരു സ്വതന്ത്ര മേഖലയായി തുടരുന്ന പാഞ്ച്ഷിറിൽ ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട്. 1.73 ലക്ഷമാണ് ജനസംഖ്യ. ബസറാകാണ് പാഞ്ച്ഷിര്‍ പ്രവിശ്യയുടെ തലസ്ഥാനം. കൊല്ലപ്പെട്ട താലിബാന് വിരുദ്ധ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന് അഹമ്മദ് മസൂദിനൊപ്പം പാഞ്ച്ഷിറില്‍ സലേ ഇരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
9/11ആക്രമണത്തിന് തൊട്ടുമുമ്പ് 2001-ല്‍ അല്‍ഖ്വയ്ദയും താലിബാനും ചേര്‍ന്നാണ് ഗൂഢാലോചനയിലൂടെ അഹമ്മദ് മസൂദിന്റെ പിതാവ് പാഞ്ച്ഷിറിന്റെ മകന് എന്നറയിപ്പെടുന്ന അഹമ്മദ് ഷാ മസൂദിനെ കൊലപ്പെടുത്തിയത്. അഹമ്മദ് മസൂദിന്റെ ആഹ്വാനത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന് സൈനികര്‍ പാഞ്ച്ഷിറിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല