സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത. അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിലും പൊലീസ് പരിശീല കേന്ദ്രത്തിലും താലിബാന്‍ നടത്തിയ അക്രമണത്തില്‍ സൈനികര്‍ക്ക് മരണം. 126 സൈനികരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
മരണസംഖ്യ കൂടാനാണ് സാധ്യത. അഫ്ഗാനിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് സൈനികരുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് താലിബാന്‍ സമ്മതിച്ചിട്ടുണ്ട്. കാബൂളില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയുള്ള മൈതാന്‍ ഷഹ്‌റിലാണ് താലിബാന്‍ അക്രമണം ഉണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ കാബൂളിലേക്ക് കൊണ്ട് പോയി. മധ്യ അഫ്ഗാനിസ്താനിലെ മൈദാന്‍ വര്‍ദക് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ സൈനിക കേന്ദ്രത്തിലെത്തിയ ആയുധധാരികള്‍ സൈനിക കേന്ദ്രത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
12 പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പുറത്തുവിട്ടതെങ്കിലും 126 പേര്‍ മരിച്ചതായി വൈകാതെ സ്ഥിരീകരിച്ചു. പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ലൊഗാര്‍ പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഖത്തറില്‍ അമേരിക്കയുമായി നടത്താനിരുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് നേരത്തെ താലിബാന്‍ പിന്‍മാറുകയും ചെയ്തുരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല