സ്വന്തം ലേഖകൻ: കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷാ മതിലിനു മുകളിലൂടെ അമ്മ നല്കിയ പെണ്‍കുഞ്ഞിനെ പിതാവിനെ ഏല്‍പ്പിച്ചുവെന്ന് യുഎസ് സൈന്യം. വിമാനത്താവളത്തിലെ നോര്‍വീജിയന്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്കിയ ശേഷമാണ് നടപടിയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
”കുഞ്ഞിന് അസുഖമാണെന്നും ചികില്‍സിക്കണമെന്നുമാണ് മാതാവ് സൈന്യത്തോട് അഭ്യര്‍ത്ഥിച്ചത്. വിമാനത്താവളത്തിലെ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്കിയ ശേഷം പിതാവിന് തിരികെ നല്കി. കുടുംബത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നുമില്ല. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യവുമായി സഹകരിച്ച കുടുംബത്തില്‍ നിന്നുള്ളവരാണോ, അമേരിക്കന്‍ വിസ നല്‍കേണ്ടവരാണോ എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. എന്തായാലും കുഞ്ഞും കുടുംബവും വിമാനത്താവളത്തിനുള്ളില്‍ സുരക്ഷിതരാണ്,” കിർബി പറയുന്നു.
താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതോടെ ആയിരക്കണക്കിന് പേരാണ് രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. അടിമുടി ആയുധമണിഞ്ഞ ആറായിരം അമേരിക്കന്‍ സൈനികരാണ് വിമാനത്താവളത്തിന് കാവല്‍ നില്‍ക്കുന്നത്. പുറത്തു മുഴുവന്‍ താലിബാന്‍കാരും.
പുതിയ ഭരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ അമ്മയാണ് കരയുന്ന പെണ്‍കുഞ്ഞിനെ യുഎസ് സൈനികര്‍ക്കു നല്‍കിയത്. സുരക്ഷാ മതിലിനു മുകളിലെ ചുരുളന്‍ കമ്പികള്‍ക്കു മുകളിലൂടെ 24ാം മിലിറ്ററി എക്സ്പെഡിഷണറി യൂണിറ്റിലെ സൈനികര്‍ കുഞ്ഞിനെ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.
താലിബാന് ഭരണത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മമാര്‍ കുഞ്ഞുങ്ങളെ വേലിക്കു മുകളിലൂടെ എറിഞ്ഞു നല്‍കുന്നതായി ബ്രിട്ടീഷ് സൈനികര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. താലിബാന്‍കാര്‍ സ്ത്രീകളെ മര്‍ദ്ദിക്കുകയാണെന്ന് ഒരു ബ്രിട്ടീഷ് സൈനികന് പറഞ്ഞതായി ദ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്ത് അവരെ രക്ഷിക്കണമെന്നാണ് അമ്മമാര്‍ ആവശ്യപ്പെടുന്നത്.
ചില കുഞ്ഞുങ്ങള്‍ സുരക്ഷാ വേലിയിലെ ചുരുളന്‍ കമ്പികള്‍ക്കു മുകളില്‍ വീണു. സംഭവം കണ്ട് കരയാത്ത ഒരു സൈനികര്‍ പോലും ആ യുണിറ്റിലുണ്ടായില്ലെന്നും സൈനികന് പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. സമാനമായ ദൃശ്യങ്ങളുടെ നിരവധി വീഡിയോകള്‍ റൈസ് ടു പീസ് എന്ന സംഘടന നേരത്തെ പുറത്തുവിട്ടിരുന്നു.
യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പുറത്തുപോവുന്നതിനെ തുടര്‍ന്നാണ് താലിബാന് കാബൂള്‍ പിടിച്ചടക്കിയത്. വിദേശ സൈന്യങ്ങളുമായി സഹകരിച്ചവരെ കണ്ടെത്താന്‍ താലിബാന് പരിശോധന വീടുകയറി നടത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാജ്യം വിടാന്‍ ശ്രമിക്കുന്നവരെ വിമാനത്താവളത്തിന് മുന്നില്‍ താലിബാന് പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓഗസ്റ്റ് 14ന് ശേഷം കാബൂളില്‍ നിന്ന് 9000 പേരെ അമേരിക്ക രക്ഷപ്പെടുത്തിയിരുന്നു. ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് ഒരാഴ്ച്ചക്കിടെ 1600 പേരെയാണ് ജര്‍മനി രക്ഷിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയും നൂറുകണക്കിന് പേരെ രക്ഷിച്ചു.
അഫ്ഗാന് പൗരന്മാര്ക്ക് ഇന്ത്യയിലെത്താന്‍ പ്രത്യേക ഇ-വിസ സംവിധാനം തയ്യാറാക്കിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്ഗാന് യുദ്ധത്തില്‍ തങ്ങളെ സഹായിച്ചവരുടെ വിസാ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യുഎസും തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല