1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2021

സ്വന്തം ലേഖകൻ: കാബൂളിൽ നിന്നും എംബസി ഉദ്യോഗസ്ഥരുൾപ്പെടെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിച്ചത് കനത്ത വെല്ലുവിളികൾ നിറഞ്ഞ ദൗത്യത്തിലൂടെ. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഓഗസ്റ്റ് 15ന് കാബൂളിലേയ്ക്ക് പറന്നത് രണ്ട് ഇന്ത്യൻ എയർഫോഴ്സ് സി–17 വിമാനങ്ങളാണ്. അപ്പോഴേക്കും അഫ്ഗാനിലെ സ്ഥിതിഗതികൾ വഷളായിരുന്നു. ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ യാതൊരു നിർവാഹവുമില്ലാത്ത സാഹചര്യം ഉടലെടുത്തു. ഇന്ത്യൻ എംബസിയും താലിബാന്റെ കർശന നിരീക്ഷണത്തിലായിക്കഴിഞ്ഞു.

പല എംബസികളും പ്രവർത്തിക്കുന്ന ഗ്രീൻ സോണിലാണ് ഇന്ത്യൻ എംബസിയും പ്രവർത്തിച്ചിരുന്നത്. അഫ്ഗാനിൽനിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്രചെയ്യാനാവശ്യമായ വീസ ഇടപാടുകൾ നടത്തിയിരുന്ന സാഹിർ വീസ ഏജൻസിയിൽ താലിബാൻ പരിശോധന നടത്തി. തിങ്കളാഴ്ച 45 ഇന്ത്യക്കാരെയാണ് ആദ്യത്തെ വിമാനത്തിൽ കൊണ്ടുവരാൻ നീക്കം നടത്തിയത്.

എയർപോർട്ടിലേക്കുള്ള യാത്രാ മധ്യേ ഇവരെ താലിബാൻ തടഞ്ഞുവയ്ക്കുകയും സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് വിട്ടയച്ചെങ്കിലും കാബൂൾ എയർപോർട്ടിൽ നിന്നും ഉദ്യോഗസ്ഥരെ വിമാനത്തിൽ കൊണ്ടുവരിക എന്നതും കനത്ത വെല്ലുവിളിയായിരുന്നു. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരാണ് രാജ്യം വിടാനായി എയർപോർട്ടിൽ തടിച്ചുകൂടിയത്. ഇതിനിടയിലൂടെ ഒരുവിധത്തിലാണ് ഇന്ത്യൻ വിമാനം വിമാനത്താവളം വിട്ടത്. ആൾക്കൂട്ടം മൂലം വിമാനത്താവളം അടച്ചതോടെ രണ്ടാമത്തെ വിമാനം പുറപ്പെടാൻ തിങ്കളാഴ്ച സാധിച്ചില്ല.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും രാത്രി ചർച്ച നടത്തിയതിനെത്തുടർന്നാണ് ബാക്കിയുള്ള ഇന്ത്യക്കാരെ ഇന്നു രാവിലെ കാബൂൾ എയർപോർട്ടിൽനിന്നും രക്ഷിക്കാനായത്. സ്ഥാനപതി രുദ്രേന്ദ്ര ടൺഠൻ ഉൾപ്പെടെ 120 പേരെ രണ്ടാമത്തെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയത്. രാവിലെ 11 മണിയോടെ ഇവരെ ഗുജറാത്ത് ജാംനഗർ വിമാനത്താവളത്തിൽ എത്തിച്ചു.

മലയാളികൾ അടക്കം 1500 ഇന്ത്യക്കാരാണു കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്. കൂടുതൽ വിമാനങ്ങൾ ദൗത്യത്തിനു സജ്ജമായി സേനാ താവളങ്ങളിലുണ്ട്. കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാവരെയും തിരികെയെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.