![](https://www.nrimalayalee.com/wp-content/uploads/2021/08/Afghanistan-Taliban-Kabul-Airport-Shootout.jpg)
സ്വന്തം ലേഖകൻ: കാബൂൾ വിമാനത്താവളത്തില്‍ വെടിവെപ്പ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ജര്‍മന്‍, അമേരിക്കന്‍ സൈനികരുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പൌരന്മാരെ തിരിച്ചുകൊണ്ടുവരുന്ന സമയമാണിത്. കാബൂള്‍ വിമാനത്താവളം വഴിയാണ് ഒഴിപ്പിക്കല്‍. സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
അഞ്ഞൂറോളം ഇന്ത്യക്കാർ ഇനിയും നാട്ടിലേക്ക് വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി ദോഹയിലെത്തിച്ച 146 ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചു. രണ്ട് വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് ശ്രമം. അതേസമയം യുഎസ് സൈന്യം അഫ്ഗാനിൽ നിന്ന് ഉടൻ പിൻവാങ്ങരുതെന്ന ആവശ്യവുമായി ബ്രിട്ടൺ രംഗത്തെത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെടും.
അതിനിടെ താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും മുമ്പ് അമേരിക്കയ്ക്കു വേണ്ടി പ്രവർത്തിച്ചവരെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുമെന്ന പ്രചാരണവും ഭീതിയും ശക്തമാണ്. തങ്ങൾക്കു വേണ്ടി ജോലി ചെയ്തവർക്ക് അഭയം നൽകുമെന്ന് അമേരിക്ക ഉറപ്പുനൽകിയെങ്കിലും, താലിബാൻ അധികാരം പിടിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഈ ഒഴിപ്പിക്കൽ എവിടെയുമെത്തിയിട്ടില്ല.
ഈ സാഹചര്യത്തിൽ, അഫ്ഗാനിലെ അമേരിക്കന്‍ എംബസിയിലെ അഫ്ഗാനികളായ ജീവനക്കാരും ജീവഭയത്തിലാണ്. തങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന അമേരിക്കയുടെ വാഗ്ദാനങ്ങളിൽ തദ്ദേശീയരായ ജീവനക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്നും ഇതിലും ഭേദം താലിബാന്‍റെ വെടിയേറ്റ് അന്തസോടെ മരിക്കുന്നതാണെന്നും ഒരു എംബസി ജീവനക്കാരനെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ബുധനാഴ്ച ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തിയ ഒഴിപ്പിക്കല്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാരുടെ പ്രതികരണം. വിമാനത്താവളത്തിന്റെ അകവശത്തിന്റെ നിയന്ത്രണം യുഎസ് സൈന്യം ഏറ്റെടുത്തെങ്കിലും ഇങ്ങോട്ടെത്താനുള്ള ചെക്ക്പോയിന്റുകൾ മുഴുവൻ താലിബാന്റെ കൈവശമാണ്.
ഇക്കാരണം കൊണ്ടുതന്നെ, വ്യോമമാർഗം ഒഴിപ്പിക്കുക എന്നത് എളുപ്പമല്ലെന്നാണ് സൂചന. യുഎസ് സൈന്യം പിന്മാറ്റം പൂർത്തിയാക്കുമെന്ന് കരുതുന്ന ഓഗസ്റ്റ് അവസാനത്തിലും അഭയാർത്ഥികളെ പൂർണമായി ഒഴിപ്പിക്കാൻ കഴിയില്ലെന്നാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസപ് ബോറൽ പറയുന്നത്. കടുത്ത നിരാശയിലാണ് അഫ്ഗാനിലെ യുഎസ് എംബസി ജീവനക്കാരെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
വിമാനത്താവളത്തില്‍ വച്ച് തങ്ങള്‍ക്ക് ക്രൂരമായ അനുഭവമാണ് നേരിട്ടത്. വിമാനത്താവളത്തിന് സമീപമുള്ള ചെക്ക്‌പോസ്റ്റുകളിൽ താലിബാൻ തങ്ങളെ ആക്രമിക്കുകയും തുപ്പുകയും അസഭ്യംപറയുകയും ചെയ്തുവെന്നും ചിലർക്ക് തങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ടുവെന്നും ജീവനക്കാർ പറഞ്ഞു. ചിലര്‍ കടുത്ത ചൂടും ക്ഷീണവും കാരണം റോഡില്‍ കുഴഞ്ഞുവീണു. പലർക്കും പരിക്കേറ്റു. എംബസിയിലെ ഉന്നതരെ നേരത്തെ തന്നെ അമേരിക്ക രക്ഷപ്പെടുത്തിയെന്നും ജീവനക്കാർ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല