സ്വന്തം ലേഖകൻ: ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പാലിച്ച് ലോകാരോഗ്യസംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് മങ്കിപോക്സിൽ ഡബ്ള്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 450 പേരെങ്കിലും കോംഗോയിൽ മങ്കിപോക്സ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇപ്പോൾ മധ്യ, കിഴക്കൻ ആഫ്രിക്കയുടെ ഭാഗങ്ങളിലും രോഗം പടരുന്നുണ്ട്.
13 ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിൻ്റെ പുതിയ വകഭേദം ഇപ്പോഴും പടരുകയാണെന്നും ഡബ്ള്യുഎച്ച്ഒ അറിയിച്ചു. കോംഗോയിൽ അതിവേഗം മറ്റുരാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാനിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. രോഗത്തിൻ്റെ പുതിയ വകഭേദം വളരെ വേഗത്തിൽ വ്യാപിക്കുന്നതിലും ഉയർന്ന മരണനിരക്കിലും ആശങ്കയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
ആഫ്രിക്കയിലും അതിനപ്പുറവും കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വളരെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ഈ പൊട്ടിത്തെറി തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ഏകോപിത അന്താരാഷ്ട്ര പ്രതികരണം അനിവാര്യമാണ്. ഇത് നമ്മളെയെല്ലാം ആശങ്കപ്പെടുത്തേണ്ട കാര്യമാണ്,” അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈ വർഷം ഇതുവരെ 17,000-ലധികം എംപോക്സ് കേസുകളും 517 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കേസുകളിൽ 160 ശതമാനം വർധനവുണ്ടായതായി ആഫ്രിക്ക സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. എഴുപതിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നതിനെത്തുടര്‍ന്ന് 2022-ല്‍ ലോകാരോഗ്യസംഘടന എംപോക്സ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ചര്‍മത്തിലെ ചുണങ്ങ്, തലവേദന, പനി എന്നിവയ്ക്കൊപ്പം മറ്റ് ലക്ഷണങ്ങള്‍ക്കും കാരണമാകുന്ന ഒരു വൈറല്‍ അണുബാധയാണ് എംപോക്സ് വൈറസ് അഥവാ മങ്കിപോക്സ് വൈറസ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ പടരാന്‍ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണിത്. രോഗബാധിതനായ വ്യക്തിയുമായി വളരെ അടുത്തതും ചര്‍മവുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകരുന്നത്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ഡ്രോപ്ലെറ്റിലൂടെയും രോഗം പകരാം. എംപോക്സ് വൈറസ് ബാധിതരായ മനുഷ്യരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക എന്നിവയാണ് പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍. രണ്ട് മുതല്‍ നാല് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് എംപോക്സ് വൈറസ്. അണുബാധയ്ക്ക് ശേഷം 24-48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.
ന്യുമോണിയ, ഛര്‍ദ്ദി, ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടുന്ന കോര്‍ണിയ അണുബാധ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് എംപോക്സ് വൈറസ് കാരണമാകും. മസ്തിഷ്കം, ഹൃദയം, മലാശയം എന്നിവയുടെ വീക്കത്തിനും ഇത് കാരണമാകും. എച്ച്ഐവിയും ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളും ഉള്ള ആളുകള്‍ക്ക് എംപോക്സ് വൈറസ് കാരണം സങ്കീര്‍ണതകള്‍ കൂടാനുള്ള സാധ്യതയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല