ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മിനി ബസ് മറിഞ്ഞ് തൃശ്ശൂര്‍ ജില്ലക്കാരായ രണ്ട് കന്യാസ്ത്രീകള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരമായ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഹോളി ഫാമിലി സംന്യാസിനിസമൂഹത്തിലെ ഇരിങ്ങാലക്കുട പ്രൊവിന്‍സ് അംഗവും ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ മുന്‍ അധ്യാപികയുമായ സിസ്റ്റര്‍ ആനി എല്‍വീന (67), സിസ്റ്റര്‍ കൃപാ പോള്‍ (35) എന്നിവരാണ് മരിച്ചത്. മാള ചിറ്റിലപ്പിള്ളി ഔസേപ്പിന്റെ മകള്‍ സിസ്റ്റര്‍ ധന്യ ചിറ്റിലപ്പിള്ളി (34), പുതുക്കാട് ഐനിക്കല്‍ തോമസ്സിന്റെ മകള്‍ സിസ്റ്റര്‍ ബിന്‍സി മരിയ (36) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റ് ഗ്രെയ്റ്റര്‍ അക്കാറാ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.
ഞായറാഴ്ച മൂന്നരയ്ക്കാണ് (ഇന്ത്യന്‍ സമയം രാത്രി 8.30) അപകടം. ഹോളി ഫാമിലി സഭയുടെ ആഫ്രിക്കയിലെ റീജണല്‍ സുപ്പീരിയറായ സിസ്റ്റര്‍ ആനി എല്‍വീനയും മറ്റ് നാല് കന്യാസ്ത്രീകളും നഴ്‌സുമാരുടെ യോഗത്തില്‍ പങ്കെടുത്ത് കോണ്‍വെന്‍റിലേക്കു മടങ്ങുമ്പോഴാണ് ബസ് മറിഞ്ഞത്. ഘാനയിലെ കൊസോറി സുവയിലാണ് അപകടം. മിനി ബസ് ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു. ആസ്പത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് ഇരുവരും മരിച്ചത്.
മാള കവലക്കാട്ട് പരേതരായ കുഞ്ഞുവറീതിന്റെയും ത്രേസ്യയുടെയും രണ്ടാമത്തെ മകളാണ് മരിച്ച സിസ്റ്റര്‍ ആനി എല്‍വീന. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിലെ മുന്‍ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു. സഹോദരങ്ങള്‍: റാഫേല്‍ (റിട്ട. അധ്യാപകന്‍), ജോര്‍ജ്(റിട്ട. ബാങ്ക് മാനേജര്‍), ജോണി (റിട്ട. അധ്യാപകന്‍), ഫാ. ജോസഫ് കവലക്കാട്ട് (സലേഷ്യന്‍ സഭ ഡോണ്‍ബോസ്‌കോ, ത്രിപുര), പരേതയായ മേരി വര്‍ഗ്ഗീസ്, സിസ്റ്റര്‍ റോസിലി (ക്ലോനി സഭ, ദിണ്ഡിഗല്‍, പോണ്ടിച്ചേരി മഠം), മാര്‍ഗരറ്റ് അബ്രഹാം, സ്റ്റെല്ല ജോസ്, ഷെര്‍ളി വര്‍ഗ്ഗീസ്.
പേരാമ്പ്ര ഇടശ്ശേരി പന്തല്ലൂക്കാരന്‍ വീട്ടില്‍ പരേതനായ പി.കെ. പൗലോസിന്റെയും സാറാമ്മയുടെയും രണ്ടാമത്തെ മകളാണ് മരിച്ച സിസ്റ്റര്‍ കൃപാ പോള്‍. നാലുവര്‍ഷമായി ഘാനയില്‍ സ്വകാര്യ ആസ്പത്രിയില്‍ നഴ്‌സാണ്. സഹോദരങ്ങള്‍: മിനി ജോയ്, ജിമ്മി (ഫ്രാബിക്കേഷന്‍ വര്‍ക്‌സ്), സ്വപ്ന (വിപ്രോം, ബാംഗ്ലൂര്‍). അപകടവിവരം അറിഞ്ഞ് മണ്ണുത്തി ഹോളി ഫാമിലി കോണ്‍വെന്‍റിന്റെ മദര്‍ സുപ്പീരിയര്‍ പ്രസന്ന തട്ടില്‍ ഘാനയിലേക്ക് പുറപ്പെട്ടു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ മലയാളികള്‍ക്കു പുറമെ 5 ഘാന സ്വദേശികള്‍കൂടി മരിച്ചിട്ടുണ്ട്. 20 പേരാണ് മിനി ബസ്സിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല