സ്വന്തം ലേഖകന്‍: കേരളത്തില്‍ ഭീഷണിയാകുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തിന്നും കയറ്റുമതി ചെയ്തും തീര്‍ക്കാമെന്ന് ഗവേഷകര്‍. എന്നാല്‍ കാര്‍ഷിക വിളകള്‍ക്കും ഒപ്പം മനുഷ്യനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തിന്ന് തീര്‍ക്കാമെന്ന കണ്ടെത്തല്‍ സംബന്ധിച്ച് ശാസ്ത്ര സമൂഹത്തില്‍ ഭിന്നത.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തിന്നാന്‍ സാധിക്കുമെന്നും അതുകൊണ്ടുതന്നെ ഇവയെ കയറ്റുമതിചെയ്ത് പണമുണ്ടാക്കാമെന്നുമുള്ള സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍ അസംബന്ധമാണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കെ.എഫ്.ആര്.ഐ)യില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണിയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫോറസ്റ്റ് എന്‍ഡമോളജി വിഭാഗത്തിലെ വിദഗ്ധര്‍ പറഞ്ഞു.
ഒച്ചിനെ ഭക്ഷണമാക്കാമെന്നും തോട് ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കാമെന്നുമുള്ള പ്രചാരണം വെറുതെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍, മഴക്കാലത്ത് ആഫ്രിക്കന്‍ ഒച്ചിനെതിരെ കെ.എഫ്.ആര്.ഐ ഫലപ്രദ പരീക്ഷണം നടത്തുമ്പോഴാണ് തെറ്റായ കണ്ടത്തെലുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
കേരളത്തില്‍ നിലവില്‍ 136 പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യമുണ്ട്. പത്തനംതിട്ട കോന്നിയില്‍ വ്യാപനം നിയന്ത്രിക്കാന്‍ ആരോഗ്യം, വനം വകുപ്പുകള്‍ ഇടപെടാതെ വരികയും കൃഷിവകുപ്പ് വിതരണം ചെയ്ത മെറ്റാല്‍ ഡിഹൈഡ് എന്ന മരുന്ന് മറ്റ് ജലജീവികളെ നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എഫ്.ആര്.ഐ ഇടപെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല