സ്വന്തം ലേഖകൻ: ഇത്തവണത്തെ ഫാദേഴ്സ് ഡേ വലിയ ആഘോഷമാക്കാനായിരുന്നു അമേരിക്കയിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കരുതിയിരുന്നത്. അതിനായി അവര്‍ വിഭവസമൃദ്ധമായ അത്താഴവും ഒരുക്കി പിതാവിനെ കാത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ പലത് കഴിഞ്ഞിട്ടും അവരുടെ പിതാവ് വീടണഞ്ഞില്ല. ഇതോടെ ആ മക്കള്‍ ആശങ്കയിലായി. വൈകാതെ തങ്ങളുടെ പിതാവിനെ കാണാതായ വിവരം അവര്‍ പോലീസിനെ അറിയിച്ചു.
അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ സംഭവം കഴിഞ്ഞയിടെ നടന്നത്. ലൂക്കാസ് മക്ക്ലിഷ് ആണ് ഈ കഥയിലെ പിതാവ്. അദ്ദേഹം മലയും കാടുമൊക്കെ കയറാന്‍ ഇഷ്ടമുള്ള ആളായിരുന്നു. അത്തരത്തില്‍ ഈ ജൂണ്‍ 11ന് മക്ക്ലിഷ് ബോള്‍ഡര്‍ ക്രീക്കിലെ ബിഗ് ബേസിന് റെഡ്വുഡ്സ് സ്റ്റേറ്റ് പാര്‍ക്കിലൂടെ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചു. അദ്ദേഹം ഇതിന് മുമ്പും നിരവധി തവണ ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ മക്ക്ലിഷിന് തന്റെ മാര്‍ഗം തെറ്റി. അതിനുകാരണം സമീപകാലത്തെ കാട്ടുതീ മൂലം പ്രാദേശിക ലാന്‍ഡ്മാര്‍ക്കുകള്‍ ഭാഗികമായി നശിച്ചിരുന്നു എന്നതാണ്. ഫലത്തില്‍ അദ്ദേഹം കാട്ടില്‍ അകപ്പെട്ടു.
കാലിഫോര്‍ണിയ പര്‍വതനിരകളില്‍ സ്ഥിരം കയറ്റക്കാരനായ ലൂക്കാസിനെ കാണാതായതില്‍ ആദ്യം ആരും ടെന്‍ഷനടിച്ചില്ല. എന്നാല്‍ മണിക്കൂറുകള്‍ ദിവസങ്ങളായി മാറിയപ്പോള്‍ എല്ലാവരിലും ആശങ്ക പരന്നു. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. ലൂക്കാസിന്റെ പക്കല്‍ ഒരു ഫ്ലാഷ്ലെെറ്റും മടക്കാവുന്ന കത്രികയും ഒപ്പം ഷൂസും തൊപ്പിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരുമായും ആശയവിനിമയം നടത്താന്‍ ആകാതെ അദ്ദേഹം ഉള്‍ക്കാട്ടില്‍ അലയാന്‍ തുടങ്ങി. 10 ദിവസങ്ങളാണ് ലൂക്കാസ് ഇത്തരത്തില്‍ അലഞ്ഞത്.
ഈ ദിവസങ്ങളില്‍ അദ്ദേഹം കാട്ടുപഴങ്ങളും സമീപത്തെ വെള്ളച്ചാട്ടത്തില്‍ നിന്നും വെള്ളവും കുടിച്ചാണ് കഴിഞ്ഞത്. ഇടയ്ക്ക് ഒരു വന്യമൃഗം തന്നെ പിന്തുടര്ന്നതായും ലൂക്കാസ് പറയുന്നു. രാത്രിയില്‍ ഒരു മലയിടുക്കിലായി അദ്ദേഹം കഴിഞ്ഞു. 11-ാം ദിവസം സാന്താക്രൂസ് ഷെരീഫിന്റെ ഓഫീസില്‍ നിന്നുള്ള ഡ്രോണ്‍ അദ്ദേഹത്തെ കണ്ടെത്തുകയുണ്ടായി. സാന്താക്രൂസ് കൗണ്ടിയിലെ എംപയര്‍ ഗ്രേഡ് റോഡിനും ബിഗ് ബേസിന് ഹൈവേയ്ക്കും ഇടയിലുള്ള വനത്തിലാണ് ലൂക്കാസിനെ കണ്ടെത്തിയത്. പിന്നീട് പോലീസുകാര്‍ അതിവേഗം ലൂക്കാസിനെ നാട്ടിലേയ്ക്ക് തിരികെ എത്തിച്ചു.
അദ്ദേഹത്തെ കാത്ത് വികാരഭരിതരായി കുടുംബം ഉണ്ടായിരുന്നു. കാലാവസ്ഥയുടെയും മറ്റുമുള്ള പ്രശ്നമല്ലാതെ ലൂക്കാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. നിലവില്‍ അദ്ദേഹം തന്റെ ഭവനത്തില്‍ വിശ്രമിക്കുകയാണ്. ഒരു സ്വപ്നം പോലെയാണ് ലൂക്കാസ് ആ 10 ദിനങ്ങളെ കാണുന്നത്. കാടിനുള്ളില്‍ താന്‍ ശാന്തനായിരുന്നെന്നും വേറിട്ട അനുഭവമായിരുന്നതെന്നും ലൂക്കാസ് പറയുന്നു. എന്നാല്‍ ഇനി അടുത്തെങ്ങും കാട് കയറില്ലെന്നും അദ്ദേഹം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല