സ്വന്തം ലേഖകന്‍: ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞ 18 കൊല്ലം ഭാര്യയ്ക്ക് സമ്മാനിക്കാന്‍ ഫോണ്‍ നിധിപോലെ സൂക്ഷിച്ചു; പലസ്തീനില്‍ നിന്നൊരു അപൂര്‍വ പ്രണയകഥ. 18 വര്‍ഷം മുമ്പാണ് ഫലസ്തീനിയായ ഇമാദ് അല്‍ ദിന്‍ സഫ്താവി തന്റെ പ്രിയതമയ്ക്കുള്ള സമ്മാനവുമായി ഫലസ്തീനിലേക്ക് എത്തുന്നത്. പക്ഷെ റഫാ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്രയേല്‍ സൈന്യം അദ്ദേഹത്തെ പിടികൂടി.
18 കൊല്ലത്തെ ജയില്‍വാസമാണ് ഇസ്രയേല്‍ കോടതി അദ്ദേഹത്തിന് വിധിച്ചത്. ഒടുവില്‍ ജയില്‍ മോചിതനായി പ്രിയതമയെ കാണാന്‍ എത്തുമ്പോള്‍ കയ്യില്‍ 18 കൊല്ലം മുമ്പ് വാങ്ങിയ ആ സമ്മാനവും ഉണ്ടായിരുന്നു. ദുബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഭാര്യയ്ക്കായി വാങ്ങിയ നോക്കിയയുടെ ഒരു ഫോണാണ് സഫ്താവി നിധിപോലെ കരുതിവച്ചത്.
തടവറയില്‍ കഴിയുമ്പോഴും അദ്ദേഹം അത് കാത്തുസൂക്ഷിച്ചു. പ്രിയതമയെ നേരില്‍ കണ്ടപ്പോള്‍ ആദ്യം നല്‍കിയത് സൂക്ഷിച്ച് വെച്ച ആ മൊബൈല്‍ ഫോണാണ്. 2000 ത്തില്‍ ദുബൈയില്‍ നിന്ന് ഗസ്സയിലേക്ക് മടങ്ങുന്നതിനിടെ റഫ അതിര്‍ത്തിയില്‍ വെച്ചാണ് ഇസ്രയേല്‍ സൈന്യം സഫ്താവിയെ പിടികൂടുന്നത്. സൈന്യം അദ്ദേഹത്തിന്റെ മുഴുവന്‍ സാധനവും പിടിച്ചെടുത്തു. എന്നാല്‍ ഭാര്യക്ക് വാങ്ങിയ മൊബൈല്‍ അദ്ദേഹം ഒളിപ്പിച്ചു.
കഴിഞ്ഞ 12നാണ് സഫ്താവി മോചിതനായത്. വിട്ടയച്ചപ്പോള്‍ പിടിച്ചെടുത്ത എല്ലാം തിരിച്ചുനല്‍കി. 18 വര്‍ഷം മുമ്പ് വാങ്ങിയ നോക്കിയ മൊബൈല്‍ സമ്മാനിക്കുന്നതിന്റെ ചിത്രം സഫ്താവിയുടെ മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല