1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2025

സ്വന്തം ലേഖകൻ: ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നികുതി വേട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അവകാശപ്പെട്ടിട്ട് സംഭവിക്കുന്നത് നേരെ തിരിച്ച്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റിലെ ടാക്‌സ് റെയ്ഡിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിവേഗ നിരക്കില്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതെന്ന് സര്‍വ്വെ വെളിപ്പെടുത്തുന്നു.

2009-ലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇതിന് മുന്‍പ് വന്‍തോതില്‍ ഇങ്ങനെ തൊഴിലവസരങ്ങള്‍ വെട്ടിനിരത്തിയത്. മഹാമാരി കാലത്തും ഈ സ്ഥിതി രൂപപ്പെട്ടിരുന്നു. ജീവനക്കാരുടെ തലയെണ്ണം കുറയ്ക്കുന്നതിന് പുറമെ പുതിയ ജോലിക്കാരെ എടുക്കുന്നത് മരവിപ്പിച്ച കമ്പനികള്‍, വോളണ്ടറിയായി ഒഴിഞ്ഞ് പോകുന്നവര്‍ക്ക് പകരം ജീവനക്കാരെ നിയോഗിക്കാതെ പേറോള്‍ ചെലവ് വര്‍ദ്ധിക്കാതെ നിയന്ത്രിക്കുകയാണ്.

ഡിസംബറിലും, കഴിഞ്ഞ മാസവും നേരിട്ട വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിന്റെ സൂചനകളാണ് യുകെ എസ്&പി പിഎംഐ ഇന്‍ഡക്‌സ് ഡാറ്റ പുറത്തുവിടുന്നത്. ‘ആത്മവിശ്വാസം നഷ്ടപ്പെട്ട ബിസിനസ്സുകള്‍ ബജറ്റിന് ശേഷമുള്ള ജീവനക്കാരുടെ വര്‍ദ്ധിച്ച ചെലവിനെ അഭിമുഖീകരിക്കാന്‍ നടപടി കൈക്കൊള്ളുന്നതാണ് എംപ്ലോയ്‌മെന്റ് നിരക്ക് കുറയ്ക്കുന്നത്’, എസ്& പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ക്രിസ് വില്ല്യംസണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ യുകെ ബിസിനസ്സുകള്‍ ഗുരുതര സാമ്പത്തിക ഞെരുക്കം നേരിടുന്നതില്‍ 50.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോര്‍ഡാണ്. ഉയര്‍ന്ന ചെലവിനെ നേരിടാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത റേച്ചല്‍ റീവ്‌സ് രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ഈ തിരിച്ചടി.

വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്. കൂട്ട പിരിച്ചുവിടലുകളും ചില്ലറ മേഖലയില്‍ നടക്കുന്നുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ വലിയ മുന്നൊരുക്കത്തോടെ സമീപിച്ചില്ലെങ്കില്‍ ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. ജനങ്ങളുടെ അതൃപ്തിയില്‍ പ്രധാനമന്ത്രി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ട അവസ്ഥയാണ്. പൗണ്ട് സ്റ്റെര്‍ലിംഗിന്റെ വില കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് ലിസ് ട്രസ്സിന്റെ കാലത്ത് ഉണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ എന്നാണ്. 1976 -ല്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടിയതുമായിപോലും പലരും ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നുണ്ട്. ചാന്‍സലര്‍ പ്രഖ്യാപിച്ച കടമെടുപ്പ് ചെലവുകള്‍ പണപ്പെരുപ്പത്തെ സമ്മര്‍ദത്തിലാക്കുകയും, പലിശ കുറയ്ക്കുന്നത് വേഗത്തിലാക്കാനുള്ള ബാങ്ക് നടപടികള്‍ക്ക് പാര വെയ്ക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.