1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2024

സ്വന്തം ലേഖകൻ: ഒരാഴ്ചയിലേറെയായി ബ്രിട്ടനില്‍ കലാപത്തിന് തിരികൊളുത്തി അഴിഞ്ഞാടുന്ന കുടിയേറ്റ വിരുദ്ധരായ തീവ്രവലതുകാര്‍ക്കെതിരെ തെരുവിലിറങ്ങി സമാധാനപ്രിയരായ ജനലക്ഷങ്ങള്‍. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് അക്രമികള്‍ ഓടിയൊളിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി 38 പട്ടണങ്ങളിലായി നൂറിലേറെ തീവ്രവലത് പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അക്രമവും, അരാജകത്വവും നിറയ്ക്കാനുള്ള കുടിയേറ്റ വിരുദ്ധരുടെ നീക്കങ്ങള്‍ക്ക് ബ്രിട്ടനിലെ സാധാരണ ജനങ്ങള്‍ രംഗത്തുവരുകയായിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് യുകെയിലെ വിവിധ നഗരങ്ങളിലായി വംശീയ വിരുദ്ധ മാര്‍ച്ച് നടത്തിയത്.

ബ്രിസ്റ്റോള്‍, ലണ്ടന്‍, ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം, ബ്രൈറ്റണ്‍ എന്നിങ്ങനെ നഗരങ്ങളും, പട്ടണങ്ങളും സാധാരണ ജനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ആശങ്കപ്പെട്ട് ഇരിക്കുമ്പോഴാണ് 6000-ലേറെ സ്‌പെഷ്യലിസ്റ്റ് പോലീസുകാര്‍ ഇത് നേരിടാന്‍ സജ്ജമായിരുന്നത്.

ചില ബിസിനസ്സുകള്‍ നേരത്തെ തന്നെ അടയ്ക്കുകയും ചെയ്തു. അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സോളിസിറ്റര്‍മാര്‍ക്കും, ഏജന്‍സികള്‍ക്കും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ രാത്രിയായതോടെ തീവ്രവലത് പ്രതിഷേധക്കാര്‍ ആവിയായി പോയി. മറിച്ച് ജനകീയ പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി.

വിദ്വേഷത്തിന് ഇടമില്ലെന്ന് പ്രഖ്യാപിച്ച് ബര്‍മിംഗ്ഹാമില്‍ ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രതിഷേധക്കാരാണ് ജ്വല്ലറി ക്വാര്‍ട്ടറിലെ മൈഗ്രന്റ് സെന്ററിന് പുറത്തേക്ക് എത്തിയത്. ബ്രിസ്റ്റോളില്‍ തികച്ചും സമാധാനപരമായി ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തു. ഇവിടെയൊന്നും തീവ്രവലത് അക്രമികളുടെ സാന്നിധ്യം കാണാനുണ്ടായില്ല.

ജനകീയ പ്രക്ഷോഭമെന്നത് ഇതാണ് എന്ന് സ്റ്റാന്‍ഡ് അപ്പ് ടു റേസിസം ഗ്രൂപ്പ് ട്വീറ്റ് ചെയ്തു. പോര്‍ട്‌സ്മൗത്ത്, ബ്രൈറ്റണ്‍, ബ്ലാക്ക്പൂള്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ മാത്രമാണ് തീവ്രവലത് പ്രതിഷേധക്കാര്‍ ഉണ്ടായത്. എന്നാല്‍ പ്രതീക്ഷിച്ച ആശങ്കയില്ലാതെ രാത്രി കടന്നുപോയി.

ഇമിഗ്രേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ അക്രമിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത പരന്നതിന് പിന്നാലെ ബ്രിട്ടനിലെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധവുമായി രംഗത്തിറങ്ങിയതോടെ പോലീസിനെ കൊണ്ട് സാധിക്കാത്തത് യാഥാര്‍ത്ഥ്യമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.