സ്വന്തം ലേഖകൻ: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് ഏജന്‍സി ജീവനക്കാര്‍ എന്‍ എച്ച് എസ്സും സോഷ്യല്‍ കെയര്‍ സര്‍വീസും വിട്ടുപോകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യു കെയില്‍ അങ്ങോളമിങ്ങോളം 20,000 ഏജന്‍സി ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 10,000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് അഞ്ചിലൊന്ന് പേര്‍ 2026 ആകുമ്പോഴേക്കും ജോലി ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. അക്കേഷ്യം ഗ്രൂപ്പ് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ പറയുന്നത് അമിത ജോലിഭാരം ഉണ്ടെന്നാണ്.
മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതു മൂലമുള്ള അമിത ജോലി ഭാരം, മാനേജര്‍മാരുടെ പിന്തുണയില്ലായ്മ എന്നിവയൊക്കെ ഏജന്‍സി ജീവനക്കാര്‍ എന്‍ എച്ച് എസ്സും സോഷ്യല്‍ കെയര്‍ മേഖലയും വിട്ടു പോകുന്നതിന് കാരണമാകുന്നുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊന്ന് പേര്‍ പറഞ്ഞത്, സൗകര്യപ്രദമായ ജോലി സമയം തിരഞ്ഞെടുക്കാം എന്നതാണ് ഏജന്‍സി ജീവനക്കാരാകാന്‍ കാരണം എന്നാണ്. 9 ശതമാനം പേര്‍ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലനം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നു എന്നും പറഞ്ഞു.
എന്‍ എച്ച് എസ്സിലെ സ്ഥിര ജോലി ഉപേക്ഷിച്ഛ്, വടക്ക് കിഴക്കന്‍ ലണ്ടനില്‍ 2019 മുതല്‍ ഏജന്‍സി പീഡിയാട്രിക് നഴ്സ് ആയി ജോലി ചെയ്യുന്ന ഒളീവിയ സൈ്വന്‍ എന്ന 29 കാരി പറയുന്നത്, സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ജോലി ചെയ്യാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്നുണ്ടെങ്കിലും, അതിന്റെതായ വെല്ലുവിളികളും നേരിടേണ്ടി വരുമെന്നാണ്. ചിലപ്പോള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ലോഗിന്‍ നെയിമോ പാസ്സ്വേര്‍ഡോ ഇല്ലാതെവരും, അല്ലെങ്കില്‍ ആക്സസ് നല്‍കുന്ന സൈ്വപ് കാര്‍ഡുകള്‍ ഇല്ലാതെവരും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നും സഹപ്രവര്‍ത്തകര്‍ക്ക് ബാദ്ധ്യതയാകുമെന്നും വവര്‍ പറയുന്നു.
ഒരു രോഗിയുടെ വിവരങ്ങള്‍ വളരെ പെട്ടെന്ന് എടുക്കേണ്ടി വരുമ്പോഴോ അതല്ലെങ്കില്‍ ഒരു റഫറല്‍ പൂര്‍ത്തിയാക്കുന്നതിനോ ഒരുങ്ങുമ്പോള്‍ ഇത്തരം തടസ്സങ്ങളുണ്ടാകുന്നത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്നും അവര്‍ പറയുന്നു. എന്‍ എച്ച് എസ്സിന്റെ ഡാറ്റ സൂചിപ്പിക്കുന്നത് 2023 ജൂണിലെ കണക്കുകള്‍ പ്രകാരം മൊത്തം 1,25,572 വേക്കന്‍സികള്‍ ഉണ്ടെന്നാണ്. ആശയരൂപീകരണ സംഘമായ നുഫീല്‍ഡ് ട്രസ്റ്റ് പറയുന്നത് അഞ്ചില്‍ നാല് ഒഴിവുകളും എന്‍ എച്ച് എസ് നികത്തുക താത്ക്കാലിക ജീവനക്കാരെ കൊണ്ടാണ് എന്നാണ്. ഇത് സ്വകാര്യ ഏജന്‍സികള്‍ വഴിയോ അതല്ലെങ്കില്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്ന, അതേസമയം ഏജന്‍സി ജോലികള്‍ക്ക് പോകുന്ന ജീവനക്കാരെ ഉപയോഗിച്ചോ ആയിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല