1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2012

ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ‘അഗ്‌നി-5 വിക്ഷേപിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ വ്യാഴാഴ്ച രാവിലെ 8.05നു നടന്ന വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡി.ഒ അറിയിച്ചു. പരീക്ഷണം വിജയകരമായതോടെ ഇന്ത്യയും എലൈറ്റ് ക്‌ളബില്‍ അംഗമായി. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ക്‌ളബിലെ മറ്റംഗങ്ങള്‍.കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ ടെസ്റ്റ്‌റേഞ്ചില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലക്ഷ്യത്തിലാണ് പതിച്ചത്.

അണ്വായുധം വഹിയ്ക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പ്രഹരശേഷി അയ്യായിരം കിലോമീറ്ററാണ്. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരപരിധി കൂടിയ മിസൈലായിരിക്കുകയാണ് അഗ്‌നി5. ഡി.ആര്‍ .ഡി.ഒ ശാസ്ത്രജ്ഞര്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണിത്. ഒരു ടണ്ണിലേറെ ഭാരം വരുന്ന അണ്വായുധം പേറാന്‍ ശേഷിയുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണുള്ളത്.

ചൈനയുടെ വടക്കന്‍ മേഖല അടക്കം ഏഷ്യയില്‍ എവിടെയും ഉന്നമിടാന്‍ ശേഷിയുള്ളതാണ് ‘അഗ്‌നി മിസൈല്‍ പരമ്പരയിലെ അഞ്ചാംതലമുറക്കാരന്‍. ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളും ഈ മിസൈലിന്റെ പ്രഹരപരിധിയില്‍ വരും. വിക്ഷേപണത്തറയില്‍നിന്ന് 5000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളതാണ് ഈ മിസൈല്‍. ചൈനയുടെ സൈനിക സന്നാഹങ്ങള്‍ കണക്കിലെടുത്താണ് ഈ മിസൈല്‍ വികസിപ്പിച്ചിരിക്കുന്നത്.

മൂന്നു വര്‍ഷത്തിനകം ‘അഗ്‌നി-5 സേനയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ തദ്ദേശീയമായി വികസിപ്പിച്ച ഐ.എന്‍.എസ്. അരിഹന്തിലായിരിക്കും അഗ്‌നി5 വിന്യസിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.