സ്വന്തം ലേഖകൻ: അഗ്നിപഥ് പദ്ധതിയിലൂടെ സേനാവിഭാഗങ്ങളെ നവീകരിക്കുന്നകാര്യത്തിൽ പിന്നോട്ടില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളായി നടത്തിയ വിശകലനങ്ങൾക്കും ചർച്ചകൾക്കു മൊടുവിലെടുത്ത തീരുമാനമാണിത്. അഗ്നിപഥ് ദീർഘകാല ലക്ഷ്യത്തോടെയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
രാജ്യത്തെ വിവിധ മേഖലകളിൽ അഗ്നിപഥിന്റെ പേരിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും കലാപവും ഏറെ ഗൗരവത്തോടെ പ്രതിരോധ ആഭ്യന്തര വകുപ്പുകൾ കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കലാപങ്ങളുടെ പശ്ചാത്തലത്തിലും വിവിധ മുൻ സൈനിക ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകളും ശേഖരിച്ച ശേഷമാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സൈനിക മേധാവിമാരുമായി ഇന്ന് രാവിലെ അടിയന്തിര കൂടിക്കാഴ്ച നടത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി തുടങ്ങിയവർ പ്രതിരോധ മന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
അഗ്നിപഥ് പദ്ധതിയിലേക്ക് കൗമാരക്കാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മുടക്കമില്ലാതെ നടക്കും. ഇതിനായുള്ള നടപടികൾ മൂന്ന് സേനകളും പ്രത്യേകം തയ്യാറാക്കി കേന്ദ്രമന്ത്രിക്ക് മുമ്പാകെ വെച്ചതായും പ്രതിരോധ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം അഗ്നിപഥിലൂടെ നാലുവർഷത്തെ സേവനം അനുഷ്ഠിച്ച് പുറത്തുവരുന്ന അഗ്നിവീർ സൈനികർക്ക് വിവിധ കേന്ദ്ര-സംസ്ഥാന സുരക്ഷാ വിഭാഗങ്ങളിൽ നിശ്ചിത ശതമാനം സീറ്റ് സംവരണം നൽകു ന്നതിലും തീരുമാനം ഉടൻ കൃത്യമാക്കുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. സിഎപി എഫിലും അസം റൈഫിളിലും പത്തു ശതമാനം സീറ്റുകൾ മാറ്റിവെച്ചതായി ഇന്നലെ തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല