സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള സ്റ്റേഷന്‍ പരിസരങ്ങള്‍ മൂത്രമൊഴിച്ച് മലിനമാക്കിയ 109 പേര്‍ക്ക് റയില്‍വേ പോലീസ് വക ജയില്‍ വാസവും ബോധവല്‍ക്കരണവും. പ്ലാറ്റ്‌ഫോമുകളിലും റയില്‍പാളങ്ങളിലും പാര്‍ക്കിങ് പരിസരങ്ങളിലും പരസ്യമായി മൂത്രമൊഴിച്ചവരാണ് കുടുങ്ങിയത്.
പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് ഈ പ്രദേശങ്ങളില്‍ സ്ഥിരം കാഴ്ചയാണെങ്കിലും രണ്ടും കല്‍പ്പിച്ച് റയില്‍വേ പോലീസ് മാതൃകാപരമായ ശിക്ഷയുമായി രംഗത്തിറങ്ങുകയായിരുന്നു. 24 മണിക്കൂര്‍ ജയില്‍ശിക്ഷയും ചെയ്ത തെറ്റിന്റെ തീവ്രതയ്ക്കനുസരിച്ച് 100 രൂപമുതല്‍ 500 രൂപവരെ പിഴയുമാണ് പിടിയിലായവര്‍ക്ക് ലഭിച്ചത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് റെയില്‍വേ പോലീസ് അധികൃതര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോം അടക്കമുള്ള റെയില്‍വേ സ്വത്തുക്കള്‍ മലിനമാക്കുന്നത് പതിവായതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് സീനിയര്‍ സൂപ്രണ്ട് ഗോപേഷ്‌നാഥ് ഖന്നയാണ് നടപടിക്ക് ഉത്തരവിട്ടത്.
ആദ്യഘട്ടത്തില്‍ 12 സ്റ്റേഷനുകളില്‍ 48 മണിക്കൂര്‍ പരിശോധനയാണ് നടത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചവരും തീവണ്ടിയിലിരുന്ന് പ്ലാറ്റ്‌ഫോമിലേക്ക് മുറുക്കിത്തുപ്പിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുമെന്ന് ഖന്ന പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പ്രചാരണവും പരിപാടിക്ക് പ്രോത്സാഹനമായതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല