സ്വന്തം ലേഖകന്‍: ‘അവര്‍ ചെവി അടിച്ചു തകര്‍ത്തു, ശരീരം ഒന്നിനോടും പ്രതികരിക്കാതായി,’ മതമൗലികവാദികളുടെ ക്രൂര പീഡനത്തെക്കുറിച്ച് പാക് ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഹമ്മദ് വഖാസ് ഗൊരേയ. മൗലികവാദികളുടെ തടവില്‍നിന്ന് മോചിപ്പിക്കപ്പെടും മുമ്പ് ഒരു മാസത്തോളം താന്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പീഡിപ്പിക്കപ്പെട്ടെതായി ലാഹോറില്‍ നിന്നും ജനവരിയില്‍ കാണാതായ വഖാസ് ഗൊരേയ വെളിപ്പെടുത്തുന്നു.
ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്നും തന്റെ കേള്‍വി ശക്തി എന്നന്നേക്കുമായി നഷ്ടമായതായും ശരീരം പ്രതികരിക്കാതായതായും ബ്ളോഗര്‍ കുറിച്ചു. ‘ക്ളോസിംഗ് ദി നെറ്റ്: അറ്റാക്സ് ഓണ്‍ ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്റേഴ്സ്’ എന്ന കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനീവയിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ 34 ആം സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് വഖാസ് തന്റെ കുറിപ്പ് പുറത്തുവിട്ടത്.
ഒരു പതിറ്റാണ്ടായി വഖാസ് നെതര്‍ലാന്‍ഡ്സിലാണ് ജീവിക്കുന്നത്. ബ്ലോഗിലൂടെയുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് മതനിന്ദക്ക് കേസെടുത്തിരുന്നു. മതമൗലികവാദികള്‍ ഫേയ്സ്ബുക്കിലൂടെ പ്രചാരണം നടത്തുമ്പോള്‍ അവര്‍ക്കെതിരെ ഒന്നും ചെയ്യാറില്ല. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും കുടുംബത്തെയും ഇസ്ലാമിക ഭീകരവാദികളും വിവിധ നിയമ ഏജന്‍സികളും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
പ്രൊഫ. സല്മാന് ഹൈദര്‍ ഉള്‍പ്പടെയുള്ള അഞ്ച് ബ്ലോഗര്‍മാരെ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായിരുന്നു. വ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവര്‍ പിന്നീട് മോചിതരായിരുന്നു. ദക്ഷിണേഷ്യയിലെ ബ്ലോഗര്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ ഇസ്ലാമിക ഭീകരരും സൈന്യവും രംഗത്തെത്തിയിരുന്നു.
ദക്ഷിണേഷ്യയില്‍ ബ്ലോഗ് എഴുത്തുകാര്‍ക്കെതിരായ ആക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. 2013 മുതല്‍ 2016 വരെ 14 ലധികം ബ്ളോഗര്‍മാരും എഴുത്തുകാരുമാണ് ഇസ്ളാമിക ഗ്രൂപ്പുകളാല്‍ ബംഗ്ളാദേശില്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല