1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2024

സ്വന്തം ലേഖകൻ: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി. ഇന്ന്​ ഉച്ചക്ക്​ അബുദാബിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്‌ ബിൻ സായിദ് ആൽ നഹ്​യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും ഖസർ അൽ വതൻ കൊട്ടാരത്തിൽ ചർച്ച നടത്തി.

ഇരു രാജ്യങ്ങളിലും നിക്ഷേപം വർധിപ്പിക്കാനുള്ള വിവിധ കരാറുകളിൽ ഇരുവരും ഒപ്പിട്ടു. അബുദാബിയിൽ ക്ഷേത്രം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു . ശൈഖ്​ മുഹമ്മദിന്‍റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ക്ഷേത്രം യാഥാർഥ്യമാവില്ലെന്നും മോദി പറഞ്ഞു. അതോടൊപ്പം യു.പി.ഐ-റൂപെ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനവും ഇരുവരും ചേർന്ന്​ നിർവഹിച്ചു.

ഇന്ന് വൈകിട്ട് അബുദാബി സായിദ് സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്​ലൻ മോദി’ പരിപാടിയിൽ പ്രവാസി ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. ​യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമ​ന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമുമായും മോദി കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലും ഉച്ചയ്ക്ക് ശേഷം അബുദാബിയിലെ ബി.എ.പി.എസ് ഹിന്ദു മന്ദിറിന്‍റെ സമർപ്പണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് അദ്ദേഹം ഖത്തറിലേക്ക് യാത്ര തിരിക്കും.

അതേസമയം മോദിക്ക് സുസ്വാഗതമാശംസിച്ച് പ്രവാസികൾ ഒരുക്കുന്ന സ്വീകരണ പരിപാടി അഹ്​ലൻ മോദി(മോദിക്ക് സുസ്വാഗതം)യിൽ പങ്കെടുക്കാൻ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലേക്ക് ജനപ്രവാഹം. നേരത്തെ റജിസ്റ്റർ ചെയ്ത 35,000 പേർക്കാണ് പ്രവേശനം. വൈകിട്ട് അഞ്ചിനാണ് മോദി വേദിയിലെത്തുക. ആളുകൾ ഉച്ചയോടെ തന്നെ സ്റ്റേഡിയത്തിലെത്തിക്കൊണ്ടിരുന്നു. ഇവിടേയ്ക്കുള്ള ‌റോ‍ഡുകളിലെല്ലാം നീണ്ട വാഹനിരകൾ പ്രത്യക്ഷപ്പെട്ടു. 2000 സന്നദ്ധ പ്രവർത്തകരാണ് കർമനിരതായിട്ടുള്ളത്.

ഇതിനകം സ്റ്റേജ് പരിപാടികളുടെ അവസാനഘട്ട റിഹേഴ്സലും നടന്നു. പ്രധാന സ്റ്റേജിൽ ഉച്ചയ്ക്ക് 3.30 മുതൽ കലാപരിപാടികൾ ആരംഭിച്ചു. മോദി വേദിയിലെത്തുന്നതുവരെ വിവിധ കലാപരിപാടികൾ തുടരും. ഇതിനായി മലയാളി നർത്തകരുൾപ്പെടെ കഴിഞ്ഞ ദിവസമായി റിഹേഴ്സൽ നടത്തിവരികയായിരുന്നു. നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികൾ, സ്റ്റേഡിയത്തിനുള്ളിൽ ഘോഷയാത്ര, സംഘഗാനം, നൃത്ത പ്രകടനങ്ങൾ തുടങ്ങിയവ അരങ്ങേറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.